Trending

വാദം കേൾക്കൽ പൂർത്തിയായാൽ 3 മാസത്തിനുള്ളിൽ വിധി പറയണം'; ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണം എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതികൾക്ക് നിർദേശം നൽകി. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസാണെങ്കിൽ വിധി പ്രസ്താവം ഇതിലും കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിർദേശിച്ചു.

വാദം കേൾക്കൽ പൂർത്തിയായി മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിച്ചില്ലെങ്കിൽ രജിസ്ട്രാർ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തണം. വാദം കേട്ട ബെഞ്ചിന് വിധി പ്രസ്താവിക്കാൻ രണ്ട് ആഴ്ചത്തെ സമയം കൂടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകാം. ആ സമയ പരിധിയിൽ വിധി പ്രസ്താവിച്ചില്ലെങ്കിൽ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലിസ്റ്റ് ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജാമ്യ ഹർജികൾ ആണെങ്കിൽ വാദം കേൾക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണം. ജാമ്യ ഹർജികളിൽ വിധി പ്രസ്താവിക്കുന്ന ദിവസം തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കണം. കോടതി ഉത്തരവ് ഉണ്ടാകുകയാണെങ്കിൽ വിചാരണ തടവുകാർ ആണെങ്കിൽ അന്നുതന്നെ, അല്ലെങ്കിൽ തൊട്ടടുത്ത ദിവസം മോചിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കേസുകളിലെ വിധികളുടെ ഓപ്പറേറ്റിവ് ഭാഗം തുറന്ന കോടതിയിൽ പ്രസ്താവിക്കാം. എന്നാൽ വിശദമായ വിധി ഏഴ് ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഓപ്പറേറ്റീവ് പാർട്ടി തുറന്ന കോടതിയിൽ പ്രസ്താവിച്ച് 15 ദിവസത്തിനുള്ളിൽ വിശദമായ വിധി അപ്ലോഡ് ചെയ്തില്ലെങ്കിൽ അതിനായി അപേക്ഷ നൽകാം.

30 ദിവസത്തിനുള്ളിൽ വിശദമായ വിധി അപ്ലോഡ് ചെയ്തില്ലെങ്കിൽ ആ കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വാദം കേൾക്കൽ പൂർത്തിയായ വിധി പറയാൻ തീരുമാനിച്ച ദിവസം വെബ്‌സൈറ്റിൽ രേഖപ്പെടുത്താനും സുപ്രീംകോടതി നിർദേശിച്ചു.

Post a Comment

Previous Post Next Post