സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ വേതനം ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടിശ്ശിക നിരവധി ആയെന്നാണ് പരാതി. എന്തുകൊണ്ടാണ് വേതനം വൈകുന്നതെന്ന് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബിഎല്‍ഒമാര്‍ പറഞ്ഞു.
എസ്.ഐ.ആര്‍ന്റെ ഭാഗമായുള്ള ജോലികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിനുള്ള വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി. എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പും ശേഷം ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിഎല്‍ഒമാര്‍ക്ക് വലിയ ജോലി സമ്മര്‍ദം നല്‍കിയെന്നത് ഏറെ ചര്‍ച്ചയായിരുന്നു. ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ സമ്മര്‍ദത്തിലും കൃത്യമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയെങ്കിലും തങ്ങളുടെ വേതനം മറ്റ് സംസ്ഥാനങ്ങളിലെ ബിഎല്‍ഒമാരെ അപേക്ഷിച്ച് കുറവാണെന്നും ഇതുതന്നെ തന്ന് തീര്‍ക്കുന്നില്ലെന്നുമാണ് ബിഎല്‍ഒമാരുടെ പരാതി.ഇവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നിരവധിയാണ്.
വോട്ടെടുപ്പ് ദിനത്തില്‍ സഹായ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 900 രൂപ, വീടുകളില്‍ പോയി വോട്ട് ചെയ്യിപ്പിച്ച വകയിലെ 650 രൂപ, സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ എന്നിങ്ങനെ ഈ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ ഒരാള്‍ക്ക് 6000 രൂപ ലഭിക്കേണ്ടതാണെന്നാണ് ബിഎല്‍ഒമാര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് 6000 രൂപ നല്‍കുമ്പോള്‍ കേരളത്തിലെ ബിഎല്‍ഒമാര്‍ക്ക് ലഭിക്കുന്നത് 2000 രൂപ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു.
Tags:
latest