ന്യൂഡൽഹി: 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ൽ പാസാക്കിയ ബിൽ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാരിന്റെ നീക്കം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു
നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമം പൂർണ്ണതോതിൽ നടപ്പിലാക്കണമെങ്കിൽ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാൻ സാധിക്കൂ. ഈ പ്രായോഗിക പരിമിതികൾ മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. കോൺഗ്രസ്, സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികൾ എതിർക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ബില്ല് പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.
ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭേദഗതി ബിൽ പാസായില്ലെങ്കിൽ 2023ലെ നിയമം അനുസരിച്ച് സെൻസസ് നടപടികൾക്ക് ശേഷം മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം യാഥാർത്ഥ്യമാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള അടുത്ത ലക്ഷ്യം.
Tags:
latest