*ന്യൂഡൽഹി*:വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ ഏപ്രിൽ ഒന്നിനുണ്ടാകുന്ന വർധന എത്രത്തോളം ഭീമമായിരിക്കുമെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ഇതിന് ആനുപാതികമായ വർധന ഏപ്രിലിൽ തന്നെ വിമാനടിക്കറ്റിലും പ്രതീക്ഷിക്കാം. ഇന്ത്യയിൽ നിലവിൽ എല്ലാ മാസവും ഒന്നാം തീയതിയാണ് എടിഎഫ് വില പരിഷ്കരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സ്വാധീനം ഏപ്രിൽ ഒന്നിലെ നിരക്കിൽ പ്രതിഫലിക്കുമെന്നു വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ കണക്കനുസരിച്ച് (അയാട്ട) രാജ്യാന്തര തലത്തിൽ എടിഎഫിന്റെ വില കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയായി (105.8%). ഏഷ്യയിലെ ശരാശരി വർധന 129%. എടിഎഫിന്റെ വില ബംഗ്ലദേശ് ഇന്നലെ 79 ശതമാനമാണ് വർധിപ്പിച്ചത്. യുദ്ധം തുടങ്ങിയ ശേഷം രണ്ടുതവണ നിരക്ക് പരിഷ്കരിച്ചതോടെ ആകെ വർധന 111 ശതമാനമായി.
വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40% ഏവിയേഷൻ ഇന്ധനത്തിനാണ് നീക്കിവയ്ക്കുന്നത്. ഡിസംബറിലെ ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കേന്ദ്രം വിമാനക്കൂലിക്കുമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ച സാഹചര്യത്തിൽ ഏപ്രിലിൽ യാത്രാക്കൂലി കുതിച്ചുകയറിയേക്കാം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രഭാവം അടുത്ത മാസം വ്യോമയാന രംഗത്ത് പ്രതിഫലിക്കുമെന്നാണ് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ കഴിഞ്ഞ ദിവസം ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നത്.
പരിധിയില്ലാതെ യാത്രാക്കൂലി ഉയർത്തിയാൽ യാത്രക്കാർ കുറയും. അതുകൊണ്ട് വർധിപ്പിക്കലിനു പരിധിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.ഇന്ധനവിലയ്ക്കു പുറമേ, കഴിഞ്ഞ ഒരു മാസത്തിനിടെ റദ്ദാക്കപ്പെടുന്ന ആയിരക്കണക്കിന് ഫ്ലൈറ്റുകൾ, ദൈർഘ്യമേറിയ ബദൽ റൂട്ടുകളിലെ പറക്കൽ എന്നിങ്ങനെയുണ്ടായ കോടികളുടെ നഷ്ടവും കമ്പനികൾക്ക് നികത്തേണ്ടിവരും. പ്രധാന വിമാനക്കമ്പനികൾ ഈ മാസമാദ്യം തന്നെ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 5 വർഷത്തിനിടെ എടിഎഫിന്റെ വിലയിൽ രണ്ടുതവണയുണ്ടായ കുതിപ്പും രാജ്യാന്തര സംഘർഷങ്ങളുടെ ചുവടുപിടിച്ചായിരുന്നു. 2022 മാർച്ചിൽ കിലോലീറ്ററിന് 93,530 രൂപയായിരുന്ന വില റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ 1.4 ലക്ഷം രൂപയെന്ന റെക്കോർഡ് നിരക്കിലെത്തി.
വില വീണ്ടും കുറഞ്ഞുതുടങ്ങിയെങ്കിലും 2023 ഒക്ടോബർ മുതൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകകൾക്കുനേരെ ആക്രമണം തുടങ്ങിയതോടെ വില വീണ്ടും ഒരു ലക്ഷത്തിനു മുകളിലായി. 2024 മേയ് വരെ ഇതേനില തുടർന്നു.2025 ജൂണിൽ 83,072 രൂപ വരെയായി താഴ്ന്ന എടിഎഫിന്റെ ഇപ്പോഴത്തെ വില 96,638 രൂപയാണ്.
Tags:
latest