Trending

പാചകവാതക ലഭ്യത കുറഞ്ഞു; പകുതിയിലേറെ ഹോട്ടലുകൾ അടച്ചു, അതിഥിത്തൊഴിലാളികൾ നാടുവിട്ടു


തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ പാചകവാതകലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റസ്‌റ്ററന്റുകളും അടച്ചു. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന അതിഥിത്തൊഴിലാളികളിൽ ഭൂരിപക്ഷവും സ്വന്തംനാടുകളിലേക്കു മടങ്ങി. ഹോട്ടലുകളും റസ്‌റ്ററന്റുകളും പ്രവർത്തിക്കാൻ 40 ശതമാനം എൽ.പി.ജി. ലഭ്യമാക്കാൻ സർക്കാർ നടപടി തുടങ്ങിയെങ്കിലും ചിലതു മാത്രമേ തുറന്നിട്ടുള്ളൂ. തുറന്നാലും ജോലിയെടുക്കാൻ ആളില്ലാത്തതും പ്രതിസന്ധിയായി.

പാചകവാതകപ്രശ്നം വീടുകളിലും ഭക്ഷണശാലകളിലും അടുക്കളയെ ബാധിച്ചെങ്കിലും, രാഷ്ട്രീയപ്പാർട്ടികളുടെ തിരഞ്ഞെടുപ്പ് അജൻഡയിലൊന്നും ഗൗരവമുള്ള വിഷയമായി മാറിയിട്ടില്ല.

ഒന്നേകാൽ ലക്ഷം ഹോട്ടലുകൾ; തൊഴിൽപ്രശ്നവും നീറുന്നു

കേരളത്തിൽ 60,000 റസ്റ്ററന്റുകളും 20,000 താമസസൗകര്യമുള്ള ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. ഇതിനു പുറമേ, നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമുള്ള സാധാരണ ഹോട്ടലുകളും തട്ടുകടകളും. ഇങ്ങിനെയുള്ള ഒന്നേക്കാൽലക്ഷം ഭക്ഷണശാലകളിൽ പകുതിയിലേറെ അടച്ചുകഴിഞ്ഞു. ടൂറിസം മേഖല പൂർണമായി നിലച്ചെന്ന് കേരള ടൂറിസം ഡിവലപ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ പറഞ്ഞു.

പാചകവാതകമില്ലാതെ, തിരുവനന്തപുരം വിമാനത്താവളത്തിലെ ഫുഡ് ആൻഡ് ബെവറജസ്‌ ശൃംഖല സ്തംഭിച്ചു. ഭാഗികമായി എൽ.പി.ജി. ലഭിച്ചെങ്കിലും തൊഴിലാളിക്ഷാമമാണ് ആശങ്കയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.

അവരുടെ മടക്കത്തിൽ അനിശ്ചിതത്വം

ആസൂത്രണബോർഡിന്റെ റിപ്പോർട്ടനുസരിച്ച് ഹോട്ടൽ, റസ്‌റ്ററന്റ് മേഖലയിലെ മൊത്തംജോലിക്കാർ മൂന്നരലക്ഷം വരും. ഇവരിൽ അതിഥിത്തൊഴിലാളികൾ 1.70 ലക്ഷമാണ് (52 ശതമാനം). ഇവരിൽ ഭൂരിപക്ഷവും പശ്ചിമബംഗാൾ, അസം സംസ്ഥാനക്കാരാണ്.

ഈദ് ആഘോഷം, എസ്.ഐ.ആർ., തിരഞ്ഞെടുപ്പ്, പാചകവാതകപ്രശ്നം തുടങ്ങിയ പല കാരണങ്ങളാൽ അതിഥിത്തൊഴിലാളികളിൽ ഭൂരിപക്ഷവും തിരിച്ചുപോയെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്‌മെന്റ് (സി.എം.ഐ.ഡി.) എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു.

Post a Comment

Previous Post Next Post