Trending

തീവണ്ടിയിൽ ഫോൺ നഷ്ടമായാൽ സ്റ്റേഷനിൽ പോകാതെതന്നെ ഡിജിറ്റൽ പരാതി നൽകാം,ചെയ്യേണ്ടത്..

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ പോകാതെതന്നെ പരാതി നൽകാനും നമ്പർ ബ്ലോക്ക് ചെയ്യുന്നതിനും ദക്ഷിണ റെയിൽവേ സംവിധാനം ഏർപ്പെടുത്തി. റെയിൽവേ സംരക്ഷണ സേനയുമായും ടെലികോം വകുപ്പുമായും സഹകരിച്ചാണ് വണ്ടിയിൽനിന്നുതന്നെ ഡിജിറ്റൽ പരാതി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നത്.

യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടമായെന്നു മനസ്സിലായാൽ റെയിൽ മദദ് ആപ്പ് വഴിയോ 139 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ടു ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

അതിനുശേഷം സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) പോർട്ടലിൽ പോയി ഡിജിറ്റൽ രജിസ്ട്രേഷൻ നടത്തണം. ആർ.പി.എഫും മേഖലാ സൈബർ സെല്ലും ചേർന്ന് ഉടൻതന്നെ ഫോൺ ബ്ലോക്ക് ചെയ്യും. നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും.

നഷ്ടപ്പെട്ട ഫോണിന്റെ ദുരുപയോഗം തടയുന്നതിന് രാജ്യത്തെ എല്ലാ നെറ്റ് വർക്കുകളിലും അത് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തും. ഇതിന് പോലീസ് സ്റ്റേഷനിൽ പോവുകയോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയോ വേണ്ട. ഒപ്പം യാത്ര ചെയ്യുന്നവരുടെ ഫോണിൽനിന്ന് ഡിജിറ്റൽ പരാതി നൽകാം.

തനിച്ചു യാത്ര ചെയ്യുന്നവർക്ക് ടി.ടി.ഇ.യുടെയോ ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെയോ വിശ്വസിക്കാവുന്ന സഹയാത്രികരുടെയോ സഹായം തേടാം. ഈ സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സ്വന്തം ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ. നമ്പർ ഡയറിയിൽ എഴുതിവെക്കുകയോ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിച്ചുവെക്കുകയോ ചെയ്യണമെന്ന് റെയിൽവേ നിർദേശിച്ചു

Post a Comment

Previous Post Next Post