*കോഴിക്കോട്:* കോഴിക്കോട്ട് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. വളർത്തുപക്ഷികളുമായി അടുത്തിടപഴകുന്നവരും പൊതുജനങ്ങളും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പക്ഷിപ്പനി പടരാതിരിക്കാൻ ജാഗ്രത വേണമെന്നും ഡി.എം.ഒ നിർദ്ദേശിച്ചു.
പക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. കോഴി, താറാവ്, കാട, ടർക്കി തുടങ്ങിയ വളർത്തുപക്ഷികളെയും അലങ്കാരപക്ഷികളെയും ഇത് ബാധിക്കാം.
സാധാരണയായി പക്ഷികളിൽ നിന്ന് പക്ഷികളിലേക്കാണ് രോഗം പകരുന്നത് എങ്കിലും, അപൂർവ്വമായി മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ ഈ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കണം.
പനി, ശരീരവേദന, കണ്ണിന് ചുവപ്പ്, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് മനുഷ്യരിലെ പ്രധാന ലക്ഷണങ്ങൾ.
⭕ *പ്രധാന മുൻകരുതലുകൾ:*
* മൃതശരീരങ്ങൾ ശ്രദ്ധിക്കുക: പക്ഷികളോ മൃഗങ്ങളോ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിലോ മൃഗാശുപത്രിയിലോ വിവരമറിയിക്കുക. യാതൊരു കാരണവശാലും ഇവയെ നേരിട്ട് കൈകാര്യം ചെയ്യരുത്.
* ശുചിത്വം പാലിക്കുക: പക്ഷികളുടെ കാഷ്ഠമോ സ്രവങ്ങളോ ശരീരത്തിൽ പടർന്നാൽ ഉടൻ സോപ്പിട്ട് കഴുകുക. കൂട് വൃത്തിയാക്കുമ്പോഴും മാംസം കൈകാര്യം ചെയ്യുമ്പോഴും മാസ്കും കയ്യുറയും നിർബന്ധമായും ധരിക്കണം.
* ഭക്ഷണത്തിൽ ശ്രദ്ധ: മുട്ടയും മാംസവും നന്നായി വേവിച്ചു (70 ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂർ) മാത്രം കഴിക്കുക. പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ അണുവിമുക്തമാക്കണം.
* കുട്ടികളുടെ സുരക്ഷ: വളർത്തുപക്ഷികളെ എടുക്കാനോ തലോടാനോ കുട്ടികളെ അനുവദിക്കരുത്. പക്ഷികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അവയുമായി അകലം പാലിക്കുന്നത് നല്ലതാണ്.
* മാംസാവശിഷ്ടങ്ങൾ: പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളോ ആഹാരമോ വലിച്ചെറിയരുത്. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇവ സുരക്ഷിതമായി സംസ്കരിക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ.
Tags:
latest