Trending

അയച്ച വിമാനം മാറിപ്പോയി; കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ഡല്‍ഹിയില്‍ നിന്നും കാനഡയിലെ വാൻകൂവറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തെ തിരികെ വിളിച്ചു. ഒന്‍പത് മണിക്കൂറോളം പറന്ന ശേഷമാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെയാണ് എയര്‍ ഇന്ത്യ അബദ്ധത്തില്‍ വാന്‍കൂവറിലേക്ക് അയച്ചത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. വ്യാഴാഴ്ചയാണ് സംഭവം.

എയർ ഇന്ത്യക്ക് കാനഡയിലേക്ക് പറക്കാൻ ബോയിങ് 777-300ER എന്ന മോഡലിന് മാത്രമാണ് അനുമതി ഉള്ളത്. എന്നാൽ ബോയിങ് 777-200LR വിമാനമാണ് വാന്‍കൂവാറിലേക്ക് പറന്നത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ കുൻമിംഗിന് സമീപത്തെത്തിയപ്പോഴാണ് എയര്‍ഇന്ത്യയ്ക്ക് തെറ്റ് മനസിലായത്. ഇതോടെ രാത്രി 7.19 ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനം രാവിലെ 11.34 ഓടെ തിരികെയെത്തി. 

സ്വന്തം വ്യോമപാതയില്‍ വിദേശ രാജ്യങ്ങള്‍, വിദേശ എയര്‍ലൈന്‍സുകള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നത് വ്യത്യസ്ത പ്രോട്ടോകോള്‍ പ്രകാരമാണ്. എയര്‍ ഇന്ത്യയ്ക്ക് കാനഡയിലേക്ക് പറക്കാന്‍ B777 ER പതിപ്പ് വിമാനങ്ങള്‍ക്ക് മാത്രമെ അനുമതിയുള്ളൂ. പിഴവ് ഗൗരവമായെടുത്തിട്ടുണ്ടെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ഓരോ മണിക്കൂറിലും ഏകദേശം 8-9 ടണ്‍ ഇന്ധനം കത്തിക്കുന്ന മോഡലാണ് B777. എണ്ണവില കുതിച്ചുയരുകയും രൂപയുടെ മൂല്യം താഴ്ന്ന നിലയിലെത്തുകയും ചെയ്യുന്ന സമയത്താണ് നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ വലിയ പിഴവ് സംഭവിച്ചത്. 

Post a Comment

Previous Post Next Post