Trending

ഏപ്രില്‍ ഒന്ന് മുതല്‍ അടിമുടി മാറ്റം, ഇളവ് പരിധി 100ല്‍ നിന്ന് മൂവായിരത്തിലേക്ക്

കൊച്ചി: ശമ്പളക്കാരായ നികുതിദായകരുടെ നികുതി കണക്കാക്കുന്നതില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്ന കരട് ആദായ നികുതി നിയമങ്ങള്‍ 2026 ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1961ലെ നിയമങ്ങള്‍ക്ക് പകരം 2025ലെ ആദായ നികുതി ആക്ട് ഏപ്രില്‍ ഒന്ന് മുതല്‍ സുഗമമായി നടപ്പാക്കുന്നതിന് പുതിയ മാറ്റം സാഹചര്യമൊരുക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി സ്‌ളാബുകളിലും റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയതികളിലും മാറ്റം വരുത്തിയിട്ടില്ല. ഓഡിറ്റ് വേണ്ടാത്ത നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.

ഐ.ടി നിയമങ്ങളില്‍ ഘടനാപരമായ മാറ്റം

1. നികുതി നിയമങ്ങളുടെ എണ്ണം 399ല്‍ നിന്ന് 190ലേക്ക് കുറയും

2. നികുതി ഫോമുകളുടെ എണ്ണം 511ല്‍ നിന്ന് 333 ആകും

3. ബിസിനസുകാര്‍ക്കും വ്യക്തിഗത നികുതിദായകര്‍ക്കും ലളിതമായി റിട്ടേണ്‍ നല്‍കാം

പഴയ ടാക്‌സ് സ്‌കീമിലുള്ളവരുടെ ഇളവുകള്‍

ഊണ് കൂപ്പണുകള്‍

കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന 200 രൂപ വരെയുള്ള ഊണ് കൂപ്പണുകള്‍ക്ക് നികുതി ഇളവ് ലഭിക്കും. നേരത്തെ ഇതിന്റെ പരിധി 50 രൂപയായിരുന്നു. ഭക്ഷണത്തിനും ആല്‍ക്കഹോള്‍ ഇതര ബിവറേജിനും ബാധകം

ഗിഫ്റ്റ് കൂപ്പണുകള്‍

ഓരോ വര്‍ഷവും 15,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍, കൂപ്പണുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് ആദായ നികുതി ഇളവുകള്‍ ലഭിക്കും

കോര്‍പ്പറേറ്റ് വായ്പകള്‍

വിപണി നിരക്കിലും കുറഞ്ഞ പലിശയിലോ പലിശ രഹിതമായോ വാങ്ങുന്ന വായ്പകള്‍ക്ക് എസ്.ബി.ഐയുടെ നിരക്കുമായുള്ള വ്യത്യാസം കണക്കിലെടുത്ത് നികുതി ഈടാക്കും. അതേസമയം രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കും അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളിലെ വായ്പകള്‍ക്കും ഇളവുണ്ട്.

കോര്‍പ്പറേറ്റ് കമ്പനി വാഹനങ്ങള്‍

തൊഴില്‍ദാതാവ് ജീവനക്കാരുടെ ഔദ്യോഗിക, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ആവശ്യങ്ങള്‍ക്ക് നല്‍കുന്ന ചെറിയ വാഹനങ്ങള്‍ക്ക് പ്രതിമാസം 8,000 രൂപയും വലിയ വാഹനങ്ങള്‍ക്ക് 10,000 രൂപയും നികുതി ബാദ്ധ്യതയുണ്ടാകും. പുതിയ സ്‌കീമിലും നികുതി ബാധകമാണ്.

വീട്ടു വാടക അലവന്‍സ്

വീട്ടു വാടക അലവന്‍സായി 50 ശതമാനം നികുതി ഇളവ് ലഭ്യമാക്കുന്ന മെട്രോകളുടെ പട്ടികയിലേക്ക് നാല് നഗരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ചെന്നൈ, ഡെല്‍ഹി, കൊല്‍ക്കത്ത, മുംബയ് എന്നിവയോടൊപ്പം ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലും 50 ശതമാനം എച്ച്.ആര്‍. എ അലവന്‍സ് ലഭിക്കും

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളിലെ നികുതി ഇളവ് പരിധി പ്രതിമാസം നൂറ് രൂപയില്‍ നിന്ന് മൂവായിരം രൂപയായി ഉയര്‍ത്തി. ഹാേസ്റ്റല്‍ ചെലവ് ഇളവ് 300 രൂപയില്‍ നിന്ന് 3,000 രൂപയായും ഉയര്‍ത്തി.

Post a Comment

Previous Post Next Post