വിദേശത്തുനിന്നും സ്വർണവും മറ്റ് വീട്ടുസാധനങ്ങളും നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെറെ പുതിയ ബാഗേജ് നിയമങ്ങൾ നിലവിൽ വന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന 'മൂല്യ പരിധി' എടുത്തുമാറ്റിയതാണ് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം.
സ്വർണം- ഇനി വില പേടിക്കേണ്ട
മുൻപത്തെ നിയമപ്രകാരം സ്വർണത്തിന്റെ തൂക്കത്തിനൊപ്പം അതിൻ്റെ വിപണി വിലയ്ക്കും പരിധിയുണ്ടായിരുന്നു. സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം കൊണ്ടുവരാമെങ്കിലും അതിൻ്റെ വില ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ലെന്ന നിബന്ധന നിലവിലുണ്ടായിരുന്നു. പുരുഷന്മാർക്ക് ഇത് 20 ഗ്രാമും 50,000 രൂപയുമായിരുന്നു. സ്വർണവില ഗ്രാമിന് 7,000 കടന്നതോടെ ഈ വിലപരിധി കാരണം ഒരു പവൻ പോലും കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയായിരുന്നു.
പുതിയ പരിഷ്‌കാരത്തോടെ വില പരിധി ഒഴിവാക്കി.
ഇനി മുതൽ തൂക്കം മാത്രമേ പരിഗണിക്കൂ.
സ്ത്രീകൾക്ക്: 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
പുരുഷന്മാർക്ക്: 20 ഗ്രാം വരെ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി
സാധാരണ വിമാനയാത്രക്കാർക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന വസ്‌തുക്കളുടെ ആകെ മൂല്യം 50,000 രൂപയിൽ നിന്നും 75,000 രൂപയായി ഉയർത്തി. ടൂറിസ്റ്റുകൾക്കും ഇന്ത്യൻ വംശജർക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ, 18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്ടോപ്പ് പൂർണ്ണമായും നികുതിരഹിതമായി കൊണ്ടുവരാം.
മടങ്ങി വരുന്നവർക്ക് വലിയ ഇളവുകൾ
വിദേശത്തെ ജോലി അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വീട്ടുസാധനങ്ങൾ കൊണ്ടുവരുന്നതിനും ഇളവുകൾ വർദ്ധിപ്പിച്ചു.
ഒരു വർഷം കഴിഞ്ഞു വരുന്നവർക്ക്: 1.5 ലക്ഷം രൂപ വരെ.
രണ്ട് വർഷം വരെ വിദേശത്തായിരുന്നവർക്ക്: 3 ലക്ഷം രൂപ വരെ.
രണ്ട് വർഷത്തിന് മുകളിൽ വിദേശത്തായിരുന്നവർക്ക്: 7.5 ലക്ഷം രൂപ
വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം.
ഡിജിറ്റൽ നടപടികൾ ലളിതം
യാത്രക്കാർക്ക് തങ്ങളുടെ പക്കലുള്ള സാധനങ്ങൾ ഓൺലൈൻ ആയോ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ഡിക്ലയർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. കൊറിയർ വഴി അയക്കുന്ന വ്യക്തിഗത വസ്തുക്കൾക്കുള്ള വില പരിധിയും ഒഴിവാക്കിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
Tags:
latest
