ഒടുവിൽ നീതി ലഭ്യമാവുന്നു
* ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു
ഭൂവുടമസ്ഥർ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ നിരാഹാര സമരം
കെഎസ്ഇബി ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ഭൂവുടസ്ഥരുമായി കെ.എം.സച്ചിൻ ദേവ് എം.എൽ.എ സംസാരിക്കുന്നു.
കക്കയം : കെഎസ്ഇബിക്ക് പെൻസ്റ്റോക് സ്ഥാപിക്കാൻ ഭൂമി നൽകിയവരുടെ പ്രശ്നനങ്ങൾക്ക് ഒടുവിൽ നീതിയുടെ തിരി തെളിയുന്നു. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടമസ്ഥർ നിരാഹാര സമരം ആരംഭിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.
സ്വകാര്യ ഭൂമിയിൽ
പെൻസ്‌റ്റോക്ക് പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് വർഷങ്ങളായി നികുതി രസീതിനായി കർഷകർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുൻപിൽ സമരം നടത്തിയപ്പോൾ 2025 ഒക്ടോബർ മാസത്തിൽ നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.
നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാൽ ഭൂമി വില നൽകുമെന്ന് നിലപാട് പറഞ്ഞ കെഎസ്ഇബി അധികൃതർ രേഖകൾ സമർപ്പിച്ച് നാല് മാസം കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഭൂവുടമകൾ കെഎസ്ഇബി ഓഫീസിന് മുന്നിൽ നിരാഹാര സമരമിരുന്നത്.
ഭൂമിയുടെ വില കൈമാറാനുള്ള ഫയൽ കക്കയം ഓഫീസിൽ നിന്ന് അയച്ചെന്നും ഇലക്ട്രിസിറ്റി ബോർഡ് ആണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അത് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും കെഎസ്ഇബി അധികൃതർ രാവിലെ തന്നെ സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ എംഎൽഎ സ്ഥലത്തെത്തി ഇത് സംബന്ധിച്ച് ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. എംഎൽഎ ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടിയാണ് സമരക്കാർ നൽകിയത്. ഇതിനെ തുടർന്ന് ഉച്ചയോടെ സ്ഥലത്തെത്തിയ സച്ചിൻ ദേവ് എം.എൽ.എ കെഎസ്ഇബി അധികൃതരുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളിൽ ഭൂമിയുടെ വില ലഭ്യമാകുമെന്നും സമരക്കാരോട് നേരിട്ട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഭൂവുടമസ്ഥരായ ലീല കൂവപൊയ്കയിൽ, ത്രേസ്യാമ്മ പൂവത്തുങ്കൽ, പ്രജീഷ് പൂവത്തുങ്കൽ, റിനോജ് കുറുമുട്ടം എന്നിവരും ഇവരുടെ കുടുംബാംഗങ്ങളുമായ പതിനഞ്ചോളം ആളുകളാണ് നിരാഹാര സമരം നടത്തിയിരുന്നത്. രേഖകൾ എല്ലാം ഉണ്ടായിട്ടും ഓഫീസുകൾ തോറും കയറിയിറങ്ങുന്ന ഭൂവുടമസ്ഥരുടെ സങ്കടങ്ങൾ 'മാതൃഭൂമി' തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു.
കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡിൽ കോണിപ്പാറ മേഖലയിലെ അഞ്ച് കുടുംബങ്ങളുടെ 1.65 ഹെക്ടർ ഭൂമിയാണ് 2005ൽ 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിക്ക് പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുത്തത്. ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമിയാണ് ഏറ്റെടുത്തിരുന്നത്.
ഭൂമി കെഎസ്ഇബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചതോടെ തർക്കമാവുകയായിരുന്നു. 2005 വരെ ഭൂവുടമകൾ നികുതി അടച്ച് വന്നതും ആധാരം ഉൾപ്പടെയുള്ള റവന്യു രേഖകൾ ഉള്ളതുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശം വാദം ഉന്നയിച്ചത്. തുടർന്ന് അന്ന് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന കെ. കുഞ്ഞമദിന്റെ അധ്യക്ഷതയിൽ 2006 ജൂലൈ പതിനൊന്നിന് ഭൂവുടമകളുടെയും, വനം - കെഎസ്ഇബി വകുപ്പ് അധികൃതരുടെയും യോഗം വിളിച്ച് ചേർക്കുകയും അഞ്ച് ഭൂവുടമകൾക്കുമായി സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് തുക നൽകുകയുമായിരുന്നു. അവകാശ തർക്കം പരിഹരിക്കുമ്പോൾ ഭൂമിയുടെ വില നൽകാമെന്ന് കെഎസ്ഇബി ഭൂവുടമകളെ അറിയിക്കുകയും ചെയ്തു.
എന്നാൽ പൈപ്പ്ലൈൻ സ്ഥാപിച്ച ഭൂമിയുടെ വിലയായി 19.50 ലക്ഷം രൂപ കെഎസ്ഇബി വനംവകുപ്പിനാണ് കൈമാറിയത്. ഭൂമിയുടെ പാട്ടത്തുകയായി ഓരോ വർഷവും നിശ്ചിത തുക വാടകയും നൽകി പോന്നു. തുടർന്ന് ഭൂവുടമകൾ നിരന്തരം നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്ന് 2018ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

