Trending

കൊടുംചൂടിനൊടുവിൽ ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്, പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം




തിരുവനന്തപുരം: കനത്ത ചൂടിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യരേഖയ്ക്കുസമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


അതേസമയം, ഇന്നുരാവിലെ അഞ്ചുമണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Post a Comment

Previous Post Next Post