ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാൻ തൂക്കുമരത്തിനുപകരം മറ്റേതെങ്കിലും മാർഗമുപയോഗിക്കണമെന്ന ഹർജി സുപ്രീംകോടതി വിധിപറയാൻ മാറ്റി. തൂക്കിക്കൊല പ്രാകൃതവും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നാണ് ഹർജിയിലെ വാദം. അതിനാൽ വിഷംകുത്തിവെച്ചോ വെടിയുതിർത്തോ വൈദ്യുതാഘാതമേൽപ്പിച്ചോ പെട്ടെന്ന് മരണം സംഭവിക്കുന്ന മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ഹർജി നൽകിയ അഡ്വ. റിഷി മൽഹോത്രയുടെ ആവശ്യം. തൂക്കിക്കൊല്ലുന്നത് ആരാച്ചാർക്കും കണ്ടുനിൽക്കുന്നവർക്കുമെല്ലാം ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്തയും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ഉന്നതതലത്തിൽ തന്നെ പരിശോധിക്കുകയാണെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും അറിയിച്ചു.
വധശിക്ഷയ്ക്ക് മറ്റു മികച്ച മാർഗങ്ങളുടെ സാധ്യത പരിശോധിക്കാൻ വിദഗ്ധ സമിതിയെ വെക്കണമെന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന പ്രോജക്റ്റ് 39-എ എന്ന സംഘടനയും ആവശ്യപ്പെട്ടു. വിഷം കുത്തിവെക്കൽ, വെടിയുതിർക്കൽ, വൈദ്യുതാഘാതമേൽപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിൽ മരണത്തിനു നിമിഷങ്ങൾമാത്രം മതി. എന്നാൽ, തൂക്കിലേറ്റുമ്പോൾ മരണം ഉറപ്പാക്കാൻ 40 മിനിറ്റുവരെ വേണ്ടിവരുമെന്ന് ഹർജിയിൽ പറഞ്ഞു. വിഷം കുത്തിവെച്ച് കൊലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ മതിയെന്നുപറയാൻ പ്രതിക്ക് അവകാശം നൽകണമെന്ന നിർദേശത്തെ കേന്ദ്രം എതിർത്തു. പ്രതിക്ക് ഇത്തരത്തിൽ ഒരവകാശം നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്. മൂന്നാഴ്ചയ്ക്കകം നിർദേശങ്ങളെല്ലാം സമർപ്പിക്കാൻ കക്ഷികളോടാവശ്യപ്പെട്ട സുപ്രീംകോടതി, കേസ് വിധിപറയാൻ മാറ്റി.
Tags:
latest
