Trending

വര്‍ഷത്തില്‍ അഞ്ചിലധികം നിയലംഘനം വന്നാല്‍ ലൈസന്‍സ് പോകും; ഡ്രൈവിങ് നിയമങ്ങള്‍ മാറുന്നു

വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി. സ്ഥിരം നിയമലംഘകരായ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് അസാധുവാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി റോഡ് ഗതാഗത മന്ത്രാലയം മോട്ടോര്‍ വെഹിക്കിള്‍ നിയമം ഭേദഗതി ചെയ്തു. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനോ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനോ ആയിരിക്കും ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം. 

നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാകും എന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ നോട്ടിഫിക്കേഷന്‍ പറയുന്നത്. അഞ്ചു തവണയില്‍ കൂടുതല്‍ നിയമലംഘനം നടത്തിയ വ്യക്തിയെ കേട്ടതിന് ശേഷം മാത്രമെ നടപടിയെടുക്കാന്‍ പാടുള്ളൂ. മുന്‍വര്‍ഷങ്ങളിലെ നിയമലംഘനങ്ങള്‍ നടപടിക്ക് പരിഗണിക്കരുതെന്നും നോട്ടിഫിക്കേഷനിലുണ്ട്. നിലവില്‍ ലൈസന്‍സ് റദ്ദാക്കാന്‍ അനുമതി നല്‍കുന്ന 24 വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. 

വാഹനമോഷണം, യാത്രക്കാരെ ആക്രമിക്കൽ, യാത്രക്കാരെ തട്ടിക്കൊണ്ടുപോകൽ, അനുവദനീയമായ വേഗപരിധിക്കപ്പുറം വാഹനമോടിക്കല്‍, അമിതഭാരം കയറ്റൽ അടക്കമുള്ള കുറ്റങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കാം. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതും അപകടമുണ്ടാക്കുന്നതും കണക്കിലെടുത്താണ് ഈ വ്യവസ്ഥകള്‍. ഇനി മുതല്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, സീറ്റ് ബെല്‍ട്ടില്ലാതെ വാഹനം ഓടിക്കല്‍, സിഗ്നല്‍ വെട്ടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരുടെയും ലൈസന്‍സ് പോകും. 

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചലാന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും ഗതാഗത മന്ത്രാലയത്തിന്‍റെ നോട്ടിഫിക്കേഷനിലുണ്ട്. യുണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനോ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ ചലാന്‍ അനുവദിക്കാം. നിയമലംഘനം നടത്തിയവര്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ ചലാനെ എതിര്‍ക്കുകയോ ചെയ്യണം. സമയപരിധിക്കുള്ളില്‍ എതിര്‍ക്കാത്ത പക്ഷം കുറ്റം സമ്മതിച്ചതായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനെതിരെ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരി 30 ദിവസത്തിനുള്ളിൽ അത് പരിഹരിക്കണം. സമയപരിധി പാലിക്കുന്നില്ലെങ്കില്‍ ചലാൻ റദ്ദാക്കപ്പെടും.

Post a Comment

Previous Post Next Post