Trending

തെരുവുനായ കടിച്ചുള്ള ഓരോ മരണത്തിനും നഷ്ടപരിഹാരം നൽകേണ്ടി വരും; സുപ്രീംകോടതി




ന്യൂഡൽഹി: രാജ്യത്തെ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന് സർക്കാർ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

ചൊവ്വാഴ്ച നടന്ന വാദത്തിനിടെ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആണ് സുപ്രധാന പരാമർശങ്ങൾ നടത്തിയത്.

നായ്‌ക്കളെ സ്നേഹമുള്ളവർ അവയെ സ്വന്തം വീടുകളിൽ കൊണ്ടുപോയി വളർത്തണമെന്നും പൊതുയിടങ്ങളിൽ മറ്റുള്ളവരെ ഭീഷണിയിലാക്കി അവയെ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. നായ കടിക്കുന്നതിന്റെ ആഘാതം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്‌ക്കളുടെ കടിയേറ്റ് മരിക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും വേണ്ടി ഉത്തരവാദികളായ സർക്കാരുകളിൽ നിന്ന് കനത്ത നഷ്ടപരിഹാരം ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നവരെയും കോടതി വിമർശിച്ചു. മൃഗസ്നേഹികൾക്ക് നായ്‌ക്കളോട് മാത്രമാണ് വികാരമെന്നും തങ്ങൾക്ക് മനുഷ്യരോടാണ് കൂടുതൽ പ്രതിബദ്ധതയെന്നും കോടതി പരിഹസിച്ചു. ഒരൊറ്റ സ്പീഷീസിന് വേണ്ടി മാത്രം സംസാരിക്കുന്നത് ശരിയല്ല.
ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ നായവിമുക്തമാക്കാനുള്ള നടപടികൾ നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.


Post a Comment

Previous Post Next Post