Trending

പണയ നിയമം മാറുന്നു: സ്വർണം ഇനി പലിശ അടച്ച് പുതുക്കാൻ പറ്റില്ലേ? വെള്ളിയും പണയം വയ്ക്കാം; കിട്ടുന്ന തുകയിലും മാറ്റം വരികയാണോ?



സ്വർണം പണയം വച്ചാൽ പലിശയടച്ചു പുതുക്കി വയ്ക്കുന്നവരാണ് കൂടുതലും. പക്ഷേ 2026 ഏപ്രിൽ ഒന്നു മുതൽ പണയ നിയമം മാറുമ്പോൾ ഇനി അതിനു കഴിയുമോ എന്നതാണ് ചോദ്യം. പണയം വയ്ക്കുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് വേണ്ടിവരുമോ? വായ്പാത്തുകയായി കയ്യിൽ കിട്ടുന്ന പണത്തിലും മാറ്റങ്ങള്‍ വരികയാണോ? ഈടായി നൽകുന്ന ആഭരണങ്ങൾ എത്രത്തോളം സുരക്ഷിതമാണ്? പണമടച്ചിട്ടും ആഭരണം തിരികെ കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുമോ? പണയം വയ്ക്കാൻ പോകുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുകയാണിവിടെ...

പെട്ടെന്നൊരാവശ്യം, പണം കണ്ടെത്താൻ എന്തു ചെയ്യും? സ്വർണം ഇരിപ്പുണ്ടെങ്കിൽ ടെൻഷൻ വേണ്ട. വേഗം പണയം വയ്ക്കാം. എളുപ്പം പണം ലഭിക്കുകയും ചെയ്യും. രാജ്യത്തൊട്ടാകെ എൻബിഎഫ്സി (Non-Banking Financial Company) വഴി മാത്രം 3 ലക്ഷം കോടിയുടെ സ്വർണ വായ്പ നൽകിയിട്ടുണ്ട്. എല്ലാ ബാങ്കുകൾക്കും കൂടി 13 ലക്ഷം കോടിയുടെ പണയ വായ്പയുമുണ്ട്. ഇനി പണയം വയ്ക്കാൻ സ്വർണം ഇല്ലെങ്കിൽ വെള്ളിയുണ്ടെങ്കിലും കാര്യം നടക്കും. സ്വർണം പോലെതന്നെ വെള്ളിയും പണയമായി സ്വീകരിക്കും. ഒരിക്കൽ പണയം വച്ചു കഴിഞ്ഞാൽ പിന്നെ സ്വർണം സമയത്തിനു തിരിച്ചെടുക്കുന്നവർ കുറവാണ്. പലിശയടച്ചു പുതുക്കി വയ്ക്കുന്നവരാണ് കൂടുതലും. 

പക്ഷേ 2026 ഏപ്രിൽ ഒന്നു മുതൽ പണയ നിയമത്തിലും നിബന്ധനകളും മാറുകയാണ്. സ്വർണം പണയം വയ്ക്കുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് വേണോ എന്ന ചോദ്യമുൾപ്പെടെ ഈ സാഹചര്യത്തിൽ ഉയരുന്നു. സ്വർണം വാങ്ങിയതിന്റെയും രേഖ നമ്മുടെ കയ്യിൽ വേണോ? ഇനി പലിശ അടച്ചു വായ്പ പുതുക്കാൻ കഴിയില്ലേ? ആഭരണത്തിന്റെ ഉടമസ്ഥത തെളിയിക്കേണ്ടതുണ്ടോ? എന്തൊക്കെയാണ് പുതിയതായി വരുന്ന മാറ്റങ്ങൾ? സ്വർണം പണയം വയ്ക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? സ്വർണത്തിനും വെള്ളിക്കുമുള്ള വായ്പാ നിബന്ധനകൾ ഒന്നുതന്നെയാണോ? വിശദമായി അറിയാം. 

∙ എന്നു മുതൽ?

2026 ഏപ്രിൽ 1 മുതൽ ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം തന്നെ സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും ഈടായി നൽകാം. 2025 ജൂണിലാണ് റിസർവ് ബാങ്ക് പുതിയ നിയമം പ്രഖ്യാപിച്ചത്. 2026–2027 സാമ്പത്തിക വർഷം മുതലാണ് നടപ്പാക്കുക. സ്വർണവിലയോടൊപ്പം വെള്ളി വിലയും ഉയരുന്നതിനാലാണ് പണയമായി സ്വീകരിക്കാൻ സൗകര്യമൊരുക്കുന്നത്. 

ഉടമസ്ഥത തെളിയിക്കണോ? 

പണയം വയ്ക്കുന്ന ആഭരണങ്ങൾ സ്വന്തമാണെന്നു തെളിയിക്കുന്നതിന് ബില്ലുകളോ രേഖകളോ നിർബന്ധമില്ല. എന്നാൽ, പണയം വയ്ക്കുന്ന വ്യക്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. അവ പൂർത്തിയാക്കിയാൽ ഈടു നൽകുന്ന ആഭരണങ്ങൾ അവരുടേതാണെന്നു സ്ഥാപനങ്ങൾക്കു കണക്കാക്കാം. വായ്പ എടുക്കുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ആഭരണങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് സംശയം തോന്നിയാൽ വായ്പ അനുവദിക്കാതിരിക്കാം.  

എത്ര ദിവസത്തിനുള്ളിൽ ലഭിക്കും?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണത്തിനും വെള്ളിക്കും വേണ്ടിയുള്ള പുതിയ കൊളാറ്ററൽ (ഈട്) വായ്പ നിർദേശങ്ങൾ അനുസരിച്ച്, പണയം വച്ചിരിക്കുന്ന വായ്പാ തുക കടം വാങ്ങുന്നയാൾക്കോ നിയമപരമായ അവകാശിക്കോ അതേ ദിവസം അല്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൊടുക്കുന്നതാണ്. പണയ വസ്തുവിന്റെ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ സ്വർണം, വെള്ളി വായ്പകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പണയം വയ്ക്കുന്ന വസ്തുവിന്റെ പൂർണ സുരക്ഷയും ഇതിലൂടെ ഉറപ്പാക്കുന്നു. 

വസ്തുവിന്റെ സുരക്ഷിതത്വം

ബാങ്ക് ലോക്കറുകളെക്കാൾ സുരക്ഷിതമായി പണയം വയ്ക്കുന്ന ആഭരണങ്ങൾ സൂക്ഷിക്കപ്പെടും. കാരണം, പണയമായി സ്വീകരിക്കുന്ന സ്വർണാഭരണങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. പണയവസ്തുക്കൾ നഷ്ടപ്പെടുകയോ, അളവിലോ തൂക്കത്തിലോ ശുദ്ധതയിലോ കുറവ് വരികയോ ചെയ്താൽ ധനകാര്യ സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ബാധ്യതസ്ഥരാണ്. വായ്പാ തുക പൂർണമായും അടച്ചു കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷവും കൈപ്പറ്റാത്ത ആഭരണങ്ങൾ കൂടുതൽ ശ്രദ്ധയോടെ സൂക്ഷിക്കണം. ഇവ അവകാശപ്പെടാത്ത സ്വർണമായി കണക്കാക്കി ഓരോ ആറു മാസം കൂടുന്തോറും ബോർഡ് ഓഫ് ഡയറക്ടേഴ്സിന് പ്രത്യേക റിപ്പോർട്ട് കൊടുക്കണം.    

നാണയങ്ങളും പണയം വയ്ക്കാം

ഇതുവരെ ആഭരണങ്ങൾ മാത്രമായിരുന്ന പണയമായി സ്വീകരിച്ചിരുന്നത്. ഇനി മുതൽ സ്വർണം, വെള്ളി നാണയങ്ങളും ഈടായി സ്വീകരിക്കും. 50 ഗ്രാം നാണയങ്ങൾ ഉൾപ്പെടെ ഒരാൾക്ക് 1 കിലോഗ്രാം വരെ സ്വർണാഭരണങ്ങൾ മാത്രമേ പണയം വയ്ക്കാൻ കഴിയൂ. 

∙ വെള്ളി ആണെങ്കിൽ...

10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളോ, 500 ഗ്രാം വരെ വെള്ളി നാണയങ്ങളോ പണയം വയ്ക്കാം. വെള്ളി ബാറുകൾ, ബുള്ളിയൻ, ഇടിഎഫുകൾ പോലുള്ള സാമ്പത്തിക ആസ്തികൾ അല്ലെങ്കിൽ വെള്ളിയുടെ പിന്തുണയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നിവ പണയമായി സ്വീകരിക്കില്ല. 

പ്രധാന നിബന്ധനകൾ

∙ പണയം വയ്ക്കുമ്പോൾ സ്വർണത്തിന്റെ മൂല്യം മാത്രമേ പരിഗണിക്കൂ. വിലയേറിയ കല്ലുകൾ, രത്നങ്ങൾ എന്നിവയുടെ മൂല്യം പരിഗണിക്കില്ല.

∙ വായ്പ നൽകുന്ന സ്ഥാപനങ്ങൾ, പണയം വയ്ക്കുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും ആകെ ഭാരം അളക്കുന്ന രീതി, ലോൺ ടു വാല്യൂ റേഷ്യോ (LTV) നിർണയിക്കുന്നതിന് പണയ വസ്തുവിന്റെ അളവ് വിലയിരുത്താൻ നൽകുന്ന വില എന്നിവ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം.

∙ വായ്പ അനുവദിക്കുമ്പോൾ ആരാണോ പണയം വയ്ക്കുന്നവർ അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കണം. അതുപോലെ ആഭരണത്തിൽ പതിപ്പിച്ച കല്ലിന്റെ ഭാരം മൂലമുണ്ടാകുന്ന കിഴിവുകൾ കടം വാങ്ങുന്നവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. 

∙ വായ്പയുടെ എല്ലാ നിബന്ധനകളും മൂല്യനിർണയ വിശദാംശങ്ങളും വായ്പ എടുത്തയാൾ ആവശ്യപ്പെടുന്ന ഭാഷയിൽ മനസ്സിലാക്കിക്കൊടുക്കണം. നിരക്ഷരരായ വായ്പക്കാർക്ക് സ്വതന്ത്ര സാക്ഷിയുടെ മുന്നിൽവച്ച് നിബന്ധനകൾ വിശദീകരിച്ചു നൽകണം. 

∙ ഈട്, സ്വർണത്തിന്റെ/ വെള്ളിയുടെ മൂല്യനിർണയ രീതി, ലേലവ്യവസ്ഥ, സമയക്രമം സ്വർണം തിരികെ നൽകുന്നതിനുള്ള സമയപരിധി എന്നിവയെല്ലാം വായ്പാ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഈട് നഷ്ടപ്പെട്ടാൽ (പണയം വച്ചിരിക്കുന്ന ആഭരണം), അല്ലെങ്കിൽ ആഭ്യന്തര ഓഡിറ്റ് ചെയ്യുന്ന സമയത്തോ മറ്റോ അളവിലോ പരിശുദ്ധിയിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ, അത് രേഖപ്പെടുത്തണം. അത് കടം വാങ്ങിയവരെ (അല്ലെങ്കിൽ നിയമപരമായ അവകാശികളെ) ഉടൻ അറിയിക്കുകയും വേണം. പുതിയ നയം അനുസരിച്ചു തിരിച്ചടവ് അല്ലെങ്കിൽ നഷ്ടപരിഹാര പ്രക്രിയയും കടം വാങ്ങുന്നവരെ അറിയിക്കണം.

∙ ഈടു നൽകുന്ന ആഭരണങ്ങൾ ആ സ്ഥാപനത്തിലെ ജീവനക്കാർ, അവരുടെ ശാഖകളിൽ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. വായ്പ നൽകുന്നയാളുടെ സ്ഥാപനത്തിന് പുറത്തോ അവരോടൊപ്പം പ്രവർത്തിക്കാത്ത ഒരാളോ പണയ വസ്തു കൈകാര്യം ചെയ്യാൻ പാടില്ല.

∙ ജീവനക്കാർ കൈകാര്യം ചെയ്യുന്നതും സേഫ് ഡപ്പോസിറ്റ് വാൾട്ടുകളുള്ളതുമായ ശാഖകളിൽ മാത്രമേ ഈട് വസ്തുക്കൾ സൂക്ഷിക്കാൻ പാടുള്ളൂ. മതിയായ സംഭരണ, കൈകാര്യം ചെയ്യൽ സൗകര്യങ്ങൾ ഇല്ലാത്ത ശാഖകൾക്ക് വായ്പ നൽകാൻ കഴിയില്ല.

പണയം വച്ചിരിക്കുന്ന ആഭരണം, കടം വാങ്ങുന്നയാൾക്കോ, നിയമപരമായ അവകാശിക്കോ, വായ്പ പൂർണമായും തിരിച്ചടയ്ക്കുന്ന ദിവസമോ അല്ലെങ്കിൽ വായ്പയുടെ പൂർണതിരിച്ചടച്ചതിനു ശേഷമുള്ള ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലോ തിരിച്ചു നൽകണം.

കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ കടം നൽകിയ സ്ഥാപനത്തിന് പണയ വസ്തു (കൊളാറ്ററൽ) ലേലം ചെയ്യാൻ അനുവാദമുണ്ട്. 

∙ ലേല പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് കടം കൊടുക്കുന്നവർ കടം വാങ്ങുന്നവർക്ക് മതിയായ അറിയിപ്പ് നൽകേണ്ടതാണ്, കൂടാതെ നോട്ടിസിന്റെ ഒരു പകർപ്പ് രേഖയിൽ സൂക്ഷിക്കുകയും വേണം.

∙ കടം വാങ്ങുന്നയാളെ കണ്ടെത്താനായില്ലെങ്കിൽ, കടം കൊടുക്കുന്നയാൾ പൊതു അറിയിപ്പ് നൽകണം. ലേലത്തിൽ വിൽക്കുന്നതിന് ഒരു പ്രാദേശിക പത്രത്തിലും ദേശീയ പത്രത്തിലും പരസ്യം നൽകണം. അതിനു ശേഷം ഒരു മാസം വരെ കാത്തിരുന്ന ശേഷം മാത്രമേ ലേല നടപടിക്രമങ്ങൾ ആരംഭിക്കാൻ പാടുള്ളൂ. വായ്പ തിരിച്ചടയ്ക്കാനാണ് ഒരു മാസത്തെ സാവകാശം നൽകുന്നത്. 

∙ വിപണി വിലയുടെ 90 ശതമാനത്തിൽ കുറയാത്ത വില വേണം റിസർവ് വിലയായി പ്രഖ്യാപിക്കേണ്ടത്. ലേലത്തിൽ ലഭിക്കുന്ന തുക വായ്പയിൽ തട്ടിക്കിഴിച്ച ബാക്കി പണം ഇടപാടുകാരന് 7 ദിവസത്തിനകം നൽകിയിരിക്കണം.    

∙ വായ്പ നൽകിയ സ്ഥാപനത്തിലെ നല്ല പരിചയവും പരിശീലനവും ഉള്ള ജീവനക്കാർ മാത്രമേ ലേലം നടത്താവൂ. വായ്പ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരോ ബന്ധപ്പെട്ട കക്ഷികളോ ലേലത്തിൽ പങ്കെടുക്കരുത്. 

കടം വാങ്ങുന്നയാൾ വായ്പ പൂർണമായും തിരിച്ചടച്ചതിനു ശേഷവും പണയം വച്ചിരിക്കുന്ന ആഭരണം/ ഈട് വായ്പ നൽകിയ സ്ഥാപനം/ ആൾ തിരിച്ചു നൽകുന്നത് വൈകിപ്പിച്ചാൽ, കടം വാങ്ങിയ ആൾക്ക് (അല്ലെങ്കിൽ നിയമപരമായ അവകാശിക്ക്) ഓരോ ദിവസത്തിനും 5000 രൂപ എന്ന നിരക്കിൽ നഷ്ടപരിഹാരം നൽകണം. 

∙ പണയം വയ്ക്കുന്ന വ്യക്തി/ സ്ഥാപനം അടിസ്ഥാന കെ‌വൈ‌സി രേഖകൾ നൽകണം.

പലിശ മാത്രം അടച്ചു പുതുക്കാൻ കഴിയില്ല

പണയം വച്ചാൽ എല്ലാ വർഷവും പലിശ മാത്രം അടച്ചു പുതുക്കുന്ന പരിപാടി ഇനി നടപ്പില്ല. വായപ തിരിച്ചടവിൽ അച്ചടക്കം കൊണ്ടുവരുന്നതിനാണിത്. മുതലും പലിശയുംകൂടി ഒരുമിച്ചു തിരിച്ചടയ്ക്കേണ്ട ബുള്ളറ്റ് വായ്പ കാലാവധി 12 മാസമാണ്. എന്നാൽ നിലവിലുള്ള വായ്പകളിൽ കുടിശ്ശിക വരുത്തിയിട്ടില്ല എങ്കിൽ അതുവരെയുള്ള പലിശ പൂർണമായും തിരിച്ചടച്ചാൽ വായ്പ പുതുക്കാൻ അനുവദിക്കും. ഉയർന്ന തുക അനുവദിക്കുന്നതിലും തടസ്സമില്ല

Post a Comment

Previous Post Next Post