താമരശ്ശേരി: നിർദിഷ്ട വയനാട് ബൈപാസിന്റെ (ചിപ്പിലിത്തോ ട്-മരുതിലാവ്-തളിപ്പുഴ) ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചതോടെ ദുരിതയാത്രയ്ക്ക് അറുതിയാകുമെന്നു പ്രതീക്ഷ.
കോഴിക്കോട് മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ ഒരു റീച്ചും പുതുപ്പാടി മുതൽ മുത്തങ്ങ വരെ അടുത്ത റീച്ചുമായി ദേശീപാത വികസിപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ആ പദ്ധതി റദ്ദാക്കിയാണ് മലാപ്പറമ്പ് മുതൽ മുത്തങ്ങവരെ ഒറ്റ റീച്ചായി നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് ദേശീയപാത വികസനത്തിൽ വയനാട് ബൈപാസും ഇടം നേടിയത്.
ചുരം ഒന്നാം വളവിനു മേലെ ചിപ്പിലിത്തോട്ടിൽ നിന്നു മരുതിലാവ് വഴി കൊടും വളവുകൾ ഇല്ലാതെ വയനാട് തളിപ്പുഴ ജംക്ഷനിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബൈപാസ്. 14.5 കിലോമീറ്റർ ദൂരം വരുന്ന ഈ ബൈപാസ് 2 കിലോമീറ്ററോളം കോഴിക്കോട്, വയനാട് ജില്ലയിലെ വനഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. വനത്തിലുടെ ടണൽ നിർമിക്കുന്നതിനുള്ള നിർദേശവും നേരത്തേ പരിഗണ നയിലുണ്ടായിരുന്നു. ചുരത്തിൽ ബൈപാസ് നിർമിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. നേരത്തേ രണ്ട് തവണ സർവേ നടത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കുകയും സർക്കാർ ബജറ്റിൽ ടോക്കൺ തുക വകയിരു ത്തിയതുമാണ്. എന്നാൽ, പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.
നിലവിൽ ചുരത്തിലെ 6,7,8 വളവുകൾ വീതി കുട്ടി നവീകരിക്കുന്നതിനുള്ള പ്രവൃത്തി നടന്നു വരികയാണ്. ഇതിനായി വനം വകുപ്പ് വിട്ടു നൽകിയ സ്ഥലത്തെ മരങ്ങൾ മുറിച്ചു കഴിഞ്ഞു. ക്രിസ്മസ് അവധി കഴിയുന്നതോടെ മുറിച്ചിട്ട മരങ്ങൾ മുഴുവൻ നീക്കം ചെയ്‌ത് നവീകരണ പ്രവൃത്തി ആരംഭിക്കും.
വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കഴിഞ്ഞ 5 വർഷമായി ബൈപാസ് ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ പരിപാടികൾ നടത്തി വരികയായിരുന്നു. ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ബത്തേരി മുതൽ കോഴിക്കോട് വരെ സമര ജാഥ നടത്തിയിരുന്നു.
Tags:
latest