Trending

ഫ്രഷ് കട്ട് വിരുദ്ധ നിരാഹാരസമരം ആരോഗ്യനില വഷളായതിനെ തുടർന്ന് ബിജു കണ്ണന്തറ നിരാഹാരം അവസാനിപ്പിച്ചു.



താമരശ്ശേരി: കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ബിജു കണ്ണന്തറ അമ്പലമുക്കിലെ ഫ്രഷ് കട്ട് വിരുദ്ധ സമരപ്പന്തലിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിൽ പകൽ അവസാനിപ്പിച്ചു.


ബിജു കണ്ണന്തറയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം രാവിലെ എത്തി പരിശോധന നടത്തി. തുടർന്ന് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ ബിജുവിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലാം ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്

കട്ടിപ്പാറ ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കോഴിയറവു–മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടണമെന്ന ആവശ്യത്തോടെയും പ്ലാന്റിനെ പിന്തുണയ്ക്കുന്ന പോലീസ്–ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരായ പ്രതിഷേധവുമായി തുടങ്ങിയ സമരമാണ് മൂന്ന് ദിവസം പിന്നിട്ടശേഷം നിർത്തിയത്.

സമരത്തിന്റെ ആദ്യദിനം ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്‌മുക്ക് തന്നെയാണ് ബിജുവിന് നാരങ്ങാനീര് നൽകി നിരാഹാരം അവസാനിപ്പിച്ചത്.

ബിജുവിന് പകരം അമ്പലമുക്ക് സ്വദേശിയായ മുൻ പ്രവാസി കൈപ്പക്കമണ്ണിൽ കെ.എം. സെയ്തുട്ടി നിരാഹാരസമരം ആരംഭിച്ചു.

ഗിരീഷ് ജോൺ, കരീം പുതുപ്പാടി, അന്നമ്മ മാത്യു, ബാലകൃഷ്ണൻ പുല്ലങ്ങോട്, തമ്പി പറകണ്ടത്തിൽ തുടങ്ങി ഒട്ടേറെപ്പേർ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.

Post a Comment

Previous Post Next Post