കോഴിക്കോട്∙ ഭൂട്ടാനിൽ നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിനു സമീപത്താണ് ഈ വാഹനം കണ്ടെത്തിയത്.
കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു
മുക്കത്തേത് ഉൾപ്പെടെ നാൽപതോളം വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്. അതേസമയം ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. നൂറ്റിയൻപതോളം കാറുകൾ ഉടമസ്ഥർ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.
മുക്കത്ത് നിർത്തിയിട്ട കാറിൽ നിന്നു ഉടമസ്ഥ രേഖകൾ കീറിയ നിലയിൽ കണ്ടെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കാർ മുക്കത്തെ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റംസ് തിരയുന്ന മറ്റൊരു ആഡംബര കാർ മോട്ടർ വാഹന വകുപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനകൾക്കിടെ മതിയായ രേഖകളില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടർ വാഹന വകുപ്പ് ഈ കാർ കസ്റ്റഡിയിലെടുത്തത്. ഈ വാഹനവും രേഖകളും പരിശോധിക്കുന്നതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അടുത്ത ദിവസം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമെന്നാണ് അറിയുന്നത്
അതേസമയം, 20 വർഷത്തിനിടയിൽ ഭൂട്ടാനിൽ റജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങളുടെയും ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ കേന്ദ്രീകരിച്ച് ഭൂട്ടാൻ കസ്റ്റംസും സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിനു കൈമാറിയെന്നാണ് സൂചന.
കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സെപ്റ്റംബർ 23നു നടത്തിയ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 15 കാറുകളാണ് പിടിച്ചെടുത്തത്. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽ നിന്ന് 13 കാറും കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും കാറുകൾ പിടിച്ചെടുത്തു. കാർ കള്ളക്കടത്തിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൊണ്ടയാട്ടെ കാർ ഷോറൂമിൽ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാൻ വാഹനക്കടത്ത് വിശദാംശംതേടി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇ.ഡി ഉൾപ്പെടെ അഞ്ച് കേന്ദ്ര ഏജൻസികൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവിനെ സമീപിച്ചിട്ടുണ്ട്. അസം, അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, ചണ്ഡിഗഡ്, ഡൽഹി, മിസോറം, തമിഴ്നാട് റജിസ്ട്രേഷനുകളിലാണ് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങളിലേറെയും കേരളത്തിൽ ഓടുന്നതെന്നാണ് സൂചന.
Tags:
latest