രാവിലെ ഒരു കപ്പ് കാപ്പി കൂടിച്ചാലേ ടോയ്‌ലറ്റിൽ പോകൻ പറ്റൂ എന്ന അവസ്ഥയുള്ളവർ ഏറെയുണ്ട്. മലവിസർജനം നടത്തണമെങ്കിൽ കാപ്പി കുടിക്കണം എന്ന ശീലം പൊതുവെ ഉപദ്രവകരമല്ലെന്നു തോന്നാമെങ്കിലും ക്രമേണ ഇത് അനാരോഗ്യകരമാകും. മലവിസർജ്ജനത്തെ കഫീൻ സ്‌റ്റിമുലേറ്റ് ചെയ്യും. എന്നാൽ ദിവസവും കാപ്പിയെ ആശ്രയിക്കുന്നത് ദഹനവ്യവസ്ഥയുടെ താളത്തെത്തന്നെ ബാധിക്കും. ഉദരത്തിന് ശരിയായി പ്രവർത്തിക്കണമെങ്കിൽ കഫീൻ കുടിയേ തീരൂ എന്ന അവസ്ഥ വരും. ഇത് അത്ര നല്ലതല്ല. ചായയിലും കാപ്പിയിലും കഫീൻ ഉണ്ട്.
ഇത് കുടലിന്റെ ചുരുങ്ങൽ വർധിപ്പിക്കുന്ന ഒരു ഉത്തേജകം ആയി പ്രവർത്തിക്കും. കുടലിലൂടെ മലം വേഗത്തിൽ പുറത്തുപോകാൻ ഇത് സഹായിക്കും. അതുകൊണ്ടാണ് രാവിലെ കാപ്പികുടിച്ചാലുടൻ ടോയ്‌ലറ്റിൽ പോകാൻ പലർക്കും തോന്നുന്നത്. കഫീൻ കുറച്ചുകാലത്തേക്ക് സഹായകമാകും എങ്കിലും ദീർഘകാലത്തേക്ക് ഇതിനെ ആശ്രയിക്കുന്നത് കുടലിനെ മടിപിടിപ്പിക്കും. കഫീൻ ഇല്ലാതെ മലവിസർജ്ജനം സ്വാഭാവികമായി നടത്താൻ പ്രയാസപ്പെടുന്ന അവസ്ഥ വരും. കഫീൻ അധികമായാൽ ഡീഹൈഡ്രേഷൻ അഥവാ നിർജ്ജലീകരണം ഉണ്ടാകാം. കൂടാതെ അസിഡിറ്റിയും ഉറക്കം തടസ്സപ്പെടുന്ന അവസ്ഥയും വരും. ഇതെല്ലാം കൂടി ദഹനം മെച്ചപ്പെടുത്തുന്നതിനു പകരം മോശമാക്കും.
ടോയ്‌ലറ്റിൽ പോകാൻ പറ്റിയ സമയം
മലമൂത്രവിസർജ്ജനം ഓരോ വ്യക്തിയും വ്യത്യസ്‌ത സമയത്താവും നടത്തുക. ഇതിനായി ഒരു മികച്ച സമയമുണ്ട്. രാവിലെ എഴുന്നേറ്റ് അരമണിക്കൂറിനകമോ അല്ലെങ്കിൽ പ്രഭാതഭക്ഷണ ശേഷമോ ആണിത്. ഈ സമയത്താകും ഒരാളുടെ ഗ്യാസ്ട്രോസെറിക് റിഫ്ലക്‌സ് ഏറ്റവും ആക്ടിവ് ആയിരിക്കുക. ഭക്ഷണം കഴിച്ച ശേഷവും ഉറങ്ങിയെണീറ്റതിനു ശേഷവും സ്വാഭാവികമായും തോന്നൽ വരും. " ശരീരത്തെ ഒരു ദിനചര്യ കൃത്യമായി പിന്തുടർന്ന് പരിശീലിപ്പിച്ചാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ അവഗണിക്കുന്നതും വൈകിപ്പിക്കുന്നതും മലബന്ധത്തിനും ക്രമം തെറ്റിയ കുടലിന്റെ ശീലങ്ങൾക്കും കാരണമാകും.
ഉദരത്തെ പരിശീലിപ്പിക്കാം
ചായയെയോ കാപ്പിയെയോ ആശ്രയിക്കാതെ തന്നെ കുടലിന്റെ ആരോഗ്യം നിലനിർത്താൻ ദിവസവും പിന്തുടരേണ്ട ചില ശീലങ്ങളെ അറിയാം.
● ചൂടു വെള്ളം കുടിച്ച് ദിവസം തുടങ്ങാം, ഇത് ദഹനത്തിന് സഹായകമാകും.
● നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, മുഴുധാന്യങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
● ആക്‌ടീവ് ആയി ഇരിക്കാം, ഇരുപത് മിനിറ്റ് നടത്തം പോലും കുടലിന്റെ ചലനങ്ങൾ വർധിപ്പിക്കും.
● സമ്മർദ്ദം നിയന്ത്രിക്കാം. ഉത്കണ്ഠ ദഹനത്തെ സാവധാനത്തിലാക്കും.
● ശീലങ്ങൾ പതിവാക്കാം. എല്ലാ ദിവസവും രാവിലെ ഒരേ സമയത്ത് ടോയ്‌ലറ്റിൽ പോകാം. പ്രഭാതഭക്ഷണം കഴിച്ച ശേഷം പോകുന്നതാണ് കൂടുതൽ നല്ലത്.
● ഉൾപ്പെടുത്താം പ്രോബയോട്ടിക്‌സ് - ഉദരത്തിലെ ആരോഗ്യകരമായ ബാക്‌ടീരിയകൾക്കായി തൈര്, യോഗർട്ട് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഈ ശീലങ്ങൾ പിന്തുടരുന്നത് സ്വാഭാവികമായ കുടൽ ചലനങ്ങൾക്ക് സഹായിക്കും. പുറത്തുനിന്ന് ഒരു ഉത്തേജകങ്ങളുടെയും ആവശ്യം വരില്ല. ചായയോ കാപ്പിയോ ഉപദ്രവകരമാണെന്നല്ല, മറിച്ച് ഇവയില്ലാതെ പ്രഭാതകൃത്യങ്ങൾ സാധിക്കില്ല എന്നു വരുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കും. കാപ്പി കുടിക്കാതെ ടോയ്‌ലറ്റിൽ പോകാൻ പറ്റില്ല എന്ന അവസ്ഥ വരാം. കൃത്യമായ ദിനചര്യകൾ പിന്തുടരുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആക്ടീവ് ആയി ഇരിക്കുന്നതുമെല്ലാം കഫീന്റെ സഹായമില്ലാതെ തന്നെ മലവിസർജ്ജനം സാധ്യമാക്കും
Tags:
latest