തിരുവനന്തപുരം ∙ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി ഹീറോ ആയ ബിഹാർ നളന്ദ സ്വദേശി ശങ്കർ പാസ്വാൻ താമസിക്കുന്നത് കൊച്ചുവേളിയിൽ. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത്.
സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ പൊലീസ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരള എക്സ്പ്രസിനു വർക്കല കഴിഞ്ഞാൽ പേട്ടയിലും തിരുവനന്തപുരത്തുമാണ് സ്റ്റോപ്പുകൾ. അന്വേഷണത്തിൽ, രക്ഷാപ്രവർത്തനം നടത്തിയ ചുവന്ന ഷർട്ടുകാരൻ ഇറങ്ങിയത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആണെന്ന് മനസ്സിലാക്കി. ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു
ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം. രാത്രി സവാരി ആയതിനാൽ തന്നെ ചുവന്ന ഷർട്ടിട്ട ഒരാളെ കൊച്ചുവേളിയിൽ ഇറക്കിയത് ഓട്ടോ ഡ്രൈവർ ഓർത്തുവച്ചിരുന്നു. ഇത് അന്വേഷണസംഘത്തിനു കൂടുതൽ സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Tags:
latest