ഹൈക്കോടതിയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിൽപത്രം വഴിയുള്ള പോക്കുവരവ് അപേക്ഷ ലഭിച്ചാൽ വില്ലേജ് ഓഫിസർമാർ അന്വേഷണം നടത്തും.
രജിസ്റ്റർ ചെയ്യാത്ത വിൽപത്രം യഥാർഥമാണെന്നും അവസാനത്തേതാണെന്നും തെളിയിക്കേണ്ടത് അവകാശിയാണ്.
വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എല്ലാ അവകാശികളുടെയും സമ്മതത്തോടെ മാത്രമേ പോക്കുവരവ് നടത്താനാകൂ.
രജിസ്റ്റര്‍ ഓഫിസിൽ രജിസ്റ്റര്‍ ചെയ്ത ആധാരം റവന്യൂ വകുപ്പില്‍ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ്. ഭൂമിയുടെ പുതിയ ഉടമയുടെ പേരില്‍ കരം പിരിക്കുന്നതിനായി വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതാണ് ഇതിന്റെ നടപടിക്രമം. എന്നാൽ വിൽപത്ര പ്രകാരമാണ് സ്ഥലം ലഭിച്ചിരിക്കുന്നതങ്കിലോ?
വിൽപത്രം രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലാത്തതിനാൽ ഇത് സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാവും. ഇതിന്റെ നടപടിക്രമങ്ങൾ നോക്കാം.
മുൻപ്, സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത വിൽപത്രമാണെങ്കിൽ തർക്കങ്ങളില്ലാത്ത കേസുകളിൽ വില്ലേജ് ഓഫിസർമാർക്ക് നേരിട്ട് പോക്കുവരവ് ചെയ്യാൻ സാധിച്ചിരുന്നു. മറ്റ് അവകാശികൾ നിയമപരമായി തർക്കം ഉന്നയിച്ചാൽ മാത്രമാണ് നടപടിക്രമങ്ങൾ നിർത്തിവച്ചിരുന്നത്. പുതിയ ഹൈക്കോടതി നിർദ്ദേശങ്ങൾ പ്രകാരം വിൽപത്രം വഴിയുള്ള പോക്കുവരവ് അപേക്ഷ ലഭിച്ചാൽ വില്ലേജ് ഓഫിസർമാർ അന്വേഷണം നടത്തും.
വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ:
രജിസ്റ്റർ ചെയ്ത വിൽപത്രമാണ് പോക്കുവരവിനായി ഹാജരാക്കുന്നതെങ്കിൽ അത് അവസാനത്തേതാണോ എന്ന് പരിശോധിക്കും. ഇതിനായി സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും സർട്ടിഫൈഡായിട്ടുള്ള കോപ്പി സമർപ്പിക്കണം.
ഈ കോപ്പിയിൽ വിൽപത്രം റദ്ദാക്കിയതായി കാണിച്ച സീൽ ചെയ്തിട്ടുണ്ടെങ്കിൽ പുതിയ വിൽപത്രം ഉണ്ടെന്ന് മനസ്സിലാക്കാം. അല്ലാത്തപക്ഷം അത് മരണപ്പെട്ട വ്യക്തിയുടെ അവസാനത്തെ വില്ലായി പരിഗണിക്കപ്പെടും.
വിൽപത്രത്തിൻമേൽ ആർക്കെങ്കിലും തർക്കമുള്ള സാഹചര്യത്തിൽ വിൽപത്രം നിയമപരമായി സ്ഥാപിക്കാനുള്ള കോടതി രേഖ സമർപ്പിക്കേണ്ടിയും വരും.
വിൽപത്രം രജിസ്റ്റർ ചെയ്യാത്ത സാഹചര്യം:
വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എല്ലാ അവകാശികളുടെയും സമ്മതത്തോടെ മാത്രമേ പോക്കുവരവ് നടത്താനാകൂ. സ്വത്തിന് മറ്റ് അവകാശികൾ ഉണ്ടോ എന്നത് നിശ്ചിത ദിവസത്തിനകം അധികാരികളെ അറിയിക്കണം. നിയമപരമായുള്ള എല്ലാ അവകാശികളും വില്ലേജ് ഓഫിസിൽ ഹാജരായി വിൽപത്രത്തിൽ ആക്ഷേപമില്ലെന്ന് രേഖാമൂലം അറിയിച്ചാൽ പോക്കുവരവ് അനുവദിക്കും. അവകാശികൾക്ക് വിൽപത്രത്തിന്മേൽ എതിർപ്പോ രജിസ്ട്രിയിലെ മാറ്റത്തിൽ ആക്ഷേപമോ ഉണ്ടെങ്കിൽ റവന്യൂ ഓഫിസർക്ക് അന്തിമ തീരുമാനമെടുക്കാനാവില്ല.
ഈ സാഹചര്യത്തിൽ നിയമപരമായ അവകാശി ആരാണെന്ന് സംബന്ധിച്ച് കോടതി ഉത്തരവ് കൊണ്ടുവരാൻ ആവശ്യപ്പെടും. നടപടിക്രമങ്ങളിലെ നൂലാമാലകൾ ഒഴിവാക്കാൻ വിൽപത്രം രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്. രജിസ്റ്റർ ചെയ്യാത്ത വിൽപത്രം യഥാർഥമാണെന്നും അവസാനത്തേതാണെന്നും തെളിയിക്കേണ്ടത് അവകാശിയാണ്.
വിൽപത്രപ്രകാരമുള്ള ഭൂമി അവകാശികൾക്ക് കൈമാറാൻ കോടതി വഴി ലഭിക്കുന്ന അനുമതി പ്രൊബേറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇതിനായി കോടതിയെ സമീപിക്കുമ്പോൾ ചില ഘടകങ്ങൾ കോടതി പരിഗണനയിൽ എടുക്കും.
വിൽപത്രം അവസാനത്തേതാണോ, എഴുതിയ വ്യക്തി സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയതാണോ, മതപ്രകാരമുള്ള പിന്തുടച്ചാവകാശ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ, സ്വത്ത് വിതരണം ന്യായമായ രീതിയിലാണോ, കൂടുതൽ അവകാശങ്ങൾ ലഭിച്ചയാൾ വിൽപത്രം തയാറാക്കുന്നതിൽ ഇടപെടൽ നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിഗണിക്കുന്നത്.
Tags:
latest