Trending

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ:ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു


ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശേധനയടക്കം നടത്തും

Post a Comment

Previous Post Next Post