ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്.
വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഓടുന്ന വാഹനങ്ങളിലെ വീഡിയോ ചിത്രീകരണം വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാണെന്ന് കോടതി പറഞ്ഞു.
ഡിജെ/ലേസര്‍ ലൈറ്റുകളും അമിത ശബ്ദമുള്ള മ്യൂസിക് സിസ്റ്റവുമൊക്കെ വാഹനങ്ങളിലുണ്ട്. ഇതിനായി ഒന്നിലധികം ബാറ്ററികളും ഇന്‍വെര്‍ട്ടറുകളും വരെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നു. ഇതു സംബന്ധിച്ചും വിശദീകരണം നല്‍കണമെന്നും ഇത്തരം കോൺട്രാക്ട് കാരിയേജുകൾ, സ്റ്റേജ് കാരിയേജുകൾ, മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്‌ക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണമെന്നും
കോടതി നിര്‍ദേശിച്ചു.