കോഴിക്കോട്: സ്കൂൾ മൈതാനത്ത് കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയത് 16 കാരൻ. നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. 16കാരന് 25 വയസുവരെ ലൈസൻസ് നൽകേണ്ടെന്നും കാറിന്‍റെ ആർ.സി സസ്പെൻഡ് ചെയ്യാനും മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം. സംഭവത്തിൽ പേരാമ്പ്ര പൊലീസും നടപടിയെടുത്തിട്ടുണ്ട്. പൈതോത്ത് സ്വദേശിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.കൂത്താളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ബുധനാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. മൈതാനത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ കാറോടിച്ച് കയറ്റുകയും അഭ്യാസ പ്രകടനം നടത്തുകയുമായിരുന്നു. ഉപജില്ല കലോത്സവം നടക്കുന്നതിനാൽ സ്കൂളിന് അവധിയായിരുന്നു. ഫുട്ബാള്‍ ടീം അംഗങ്ങളായ വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്. കാർ വരുന്നത് കണ്ട് കുട്ടികൾ ഓടി മാറുന്നതടക്കം സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോൾ കാർ മൈതാനത്തുനിന്നും പുറത്തിറക്കി ഓടിച്ചുപോയി. തുടർന്ന് അധ്യാപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കെ.എൽ 18 രജിസ്ട്രേഷനിലെ കാറാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം നടത്തിയാണ് വാഹനവും ഡ്രൈവ് ചെയ്തത് ആരാണെന്ന് കണ്ടെത്തിയതും.
Tags:
latest