പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍. അതേസമയം ശിക്ഷ വിധി വീണ്ടും മറ്റന്നാളത്തെക്ക് മാറ്റിയിട്ടുണ്ട്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയില്‍ പ്രതി ചെന്താമരയെ ഇന്ന് ഓൺലൈനായി ഹാജരാക്കി. പരോൾ പോലും അനുവദിക്കാതെ പ്രതിയെ ശിക്ഷിക്കനാമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന ആളല്ലായിരുന്നു ചെന്താമരയെന്നും. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.
ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും യാതൊരുവിധ തെളിവുമില്ലാത്ത കേസാണെന്നും പ്രതിഭാഗം വാദിച്ചു.അതേസമയം സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമര കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാ വിധി പ്രഖ്യാപിക്കുക ഈ മാസം 18ന് ആയിരിക്കും.
ഇന്ന് ശിക്ഷാ വിധി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് മറ്റന്നാളത്തെക്ക് മാറ്റിവെക്കുകയായിരുന്നു. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു. സജിത കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്കിപ്പുറമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കാൻ പോകുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ (35) ചെന്താമര എന്ന ചെന്താമരാക്ഷൻ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ ഭാര്യ ഉപേക്ഷിച്ച് പോകാൻ കാരണക്കാരി സജിതയാണെന്ന് എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര.
ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചിരുന്നു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
Tags:
latest
