ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും, ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും സംസ്ഥാനത്തെ സ്കൂളുകളിൽ പഠിപ്പിക്കും; കെ സുരേന്ദ്രൻ
25-10-2025*
കോഴിക്കോട്: സംസ്ഥാനം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇനി കേരളത്തിലെ സ്കൂളുകളിൽ ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. ഇതൊക്കെ പഠിക്കാൻ താൽപര്യമില്ലാത്തവർ പഠിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീയുടെ കരാര്‍ ഒപ്പിട്ടതിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോ എന്ന് എനിക്കറിയില്ല. സിപിഎമ്മിൽ കരാർ ഒപ്പിട്ടത് പിണറായിയും ശിവൻകുട്ടിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിന്‍റെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നു.പദ്ധതിയിൽ പങ്കുചേർന്ന് സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച സിപിഐയെ സുരേന്ദ്രൻ വിമർശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ല എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്നബിജെപിയുടെ രാപ്പകൽ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനെയും വി മുരളീധരനെയും ഒരുമിച്ചു ചേർത്ത് കെട്ടേണ്ടെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.