കക്കയം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം, പെരുവണ്ണാമൂഴി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കക്കയം-മുതുകാട് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കക്കയം ബൂത്തുകമ്മിറ്റി കക്കയം അങ്ങാടിയിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.
മുതുകാട്-കക്കയം റോഡിനായുള്ള ശ്രമംതുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു. പഴയകാലത്ത് ഒട്ടേറെപ്പേർ കക്കയത്തുനിന്ന് മുതുകാട്ടിലേക്ക് യാത്രചെയ്‌ത വഴിയാണിത്. എന്നാൽ, റോഡായി മാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് റോഡ് നിർമിക്കേണ്ടത്. കെഎസ്ഇബി, ജലസേചനവകുപ്പ്, വനംവകുപ്പ് തുടങ്ങിയവയുടെ അനുമതിലഭിച്ചാൽ അതിവേഗം പാത യാഥാർഥ്യമാക്കാനാകും. വനംവകുപ്പിന്റെ അധീനതയിലുള്ള 400 മീറ്റർ ദൂരം വിട്ടുകിട്ടാത്തതാണ് പ്രധാന തടസ്സം.
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ബേബി തേക്കാനത്ത് അധ്യക്ഷതവഹിച്ചു. ജിതേഷ് മുതുകാട് ഉദ്ഘാടനംചെയ്‌തു. മുൻ ഗ്രാമപ്പഞ്ചായത്തംഗം ആൻഡ്രൂസ് കട്ടിക്കാന വിഷയാവതരണം നടത്തി. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി പുല്ലംകുന്നേൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോൺസൺ കക്കയം, വി.ടി. തോമസ്, കുഞ്ഞാലി കോട്ടോല, സി.കെ. ഗോപാലൻ, ചാക്കോ വല്ലയിൽ, പത്രോസ് പന്നിവെട്ട്പറമ്പിൽ, റോയ് പുല്ലംകുന്നേൽ, സി.എം. റിഷാദ് എന്നിവർ സംസാരിച്ചു.