ഡ്രൈവിങ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്. ഒരു ചോദ്യത്തിന് ആവർത്തിച്ചുള്ള ഉത്തരങ്ങളും, ഓരോ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷവും കാപ്ച്ച
പൂരിപ്പിച്ചു നല്‍കേണ്ടി വരുന്നതുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. അബദ്ധങ്ങള്‍ നിറഞ്ഞ പരിഷ്ക്കരിച്ച ടെസ്റ്റില്‍ 90 ശതമാനം പരീക്ഷാർത്ഥികള്‍ക്കും വിജയിക്കാനാകുന്നില്ല.
അക്ഷരാർത്ഥത്തില്‍ അബദ്ധ ജഡിലമാണ് പുതിയ ലേണേഴ്സ് ടെസ്റ്റ്. കുത്തിയിരുന്ന് പഠിച്ച് പരീക്ഷക്കെത്തിയാലും ലേണേഴ്സ് ടെസ്റ്റ് പാസാകാനാകില്ല. മള്‍ട്ടിപ്പിള്‍ ചോയ്സ് ആയി നല്‍കിയ ഉത്തരങ്ങളില്‍ പലതും ആവർത്തനങ്ങളാണ്.
ഓരോ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷവും ക്യാപ്ച്ച പൂരിപ്പിക്കേണ്ടി വരും. 30 സെക്കൻഡിനുള്ളില്‍ ക്യാപ്ച്ച ഫില്‍ ചെയ്യണം. ശരി ഉത്തരങ്ങള്‍ നല്‍കിയാലും ക്യാപ്ച്ച തെറ്റിച്ചാല്‍ പരീക്ഷയില്‍ പരാജയപ്പെടും. നിലവില്‍ ലേണേഴ്സ് പരീക്ഷയെഴുതിയവരില്‍ ഭൂരിഭാഗം വിദ്യാർത്ഥികള്‍ക്കും പാസാകാനായിട്ടില്ല.
തെറ്റായ ഉത്തരങ്ങളും പരിചിതമല്ലാത്ത സിഗ്നലുകളും വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തല്‍സ്ഥിതി തുടർന്നാല്‍ ലൈസൻസിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമസ്ഥർ പറയുന്നത്. പൂർണ തയ്യാറെടുപ്പോടെ പരീക്ഷക്കെത്തിയാലും ലേണേഴ്സ് പാസാകാനാകാത്ത സ്ഥിതിയിലാണ് ഡ്രൈവിങ് പഠിതാക്കള്‍.
Tags:
latest