Trending

മലയോര ഹൈവേ: പെരുവണ്ണാമൂഴി-ചക്കിട്ടപാറ ഭാഗത്ത് ടാറിങ് തുടങ്ങി



പെരുവണ്ണാമൂഴി : മലയോര ഹൈവേ
പെരുവണ്ണാമൂഴി- ചെമ്പ്ര റീച്ചിൽ ചക്കിട്ടപാറ ഭാഗത്ത് ടാറിങ് തുടങ്ങി. ചക്കിട്ടപാറ മുതൽ പെരുവണ്ണാമൂഴി വരെയുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ ടാറിങ് നടക്കുന്നത്. 31.46 കോടി രൂപ ചെലവിലാണ് ഈ റീച്ചിൽ പ്രവൃത്തിനടക്കുന്നത്. കഴിഞ്ഞവർഷം മാർച്ച് 14-നായിരുന്നു നിർമാണ ഉദ്ഘാടനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. 15 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു നിർദേശം. ഈ സമയപരിധി ഇതിനകം പിന്നിട്ടുകഴിഞ്ഞു.

5.55 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. നേരത്തേ പെരുവണ്ണാമൂഴി മുതൽ 28-ാം മൈൽ വരെ 71.939 കോടി രൂപയ്ക്കാണ് സാമ്പത്തികാനുമതി ലഭിച്ചത്. സ്ഥലമെടുപ്പ് വൈകിയതോടെ സ്ഥലം ലഭ്യമായ റീച്ചിൽ ആദ്യം ടെൻഡർ നടത്തി പ്രവൃത്തി നടത്താൻ തീരുമാനിക്കുകയായിരുന്നു.

അഴുക്കുചാൽ, ഇൻ്റലോക്ക് കട്ട പതിക്കൽ, നടപ്പാത എന്നിവയെല്ലാം പ്രവൃത്തിയുടെ ഭാഗമായിവരും. കലുങ്കുകളും താഴ്ന്ന‌ഭാഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ കരിങ്കൽക്കെട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതപോസ്റ്റ് മാറ്റാൻ വൈകിയതടക്കമുള്ള പ്രശ്നങ്ങൾ പ്രവൃത്തിക്ക് തടസ്സമായി വന്നിട്ടുണ്ട്. ചക്കിട്ടപാറ ടൗണിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും ടൗണിലെ പ്രവൃത്തി വൈകിച്ചു.
മറ്റുള്ള സ്ഥലങ്ങളിൽ റോഡ് വീതികൂട്ടി അഴുക്ക്ചാൽ നിർമാണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി താഴത്തുവയൽ ഭാഗത്ത് കനാൽ നീർപ്പാലം കടന്നുപോകുന്നഭാഗത്ത് പാതയൊരുക്കുന്ന പ്രവൃത്തികൾ നടക്കുന്നതേയുള്ളൂ.

Post a Comment

Previous Post Next Post