ചിൽ ചിൽ ഷിൽജി. ഒരൊറ്റ മത്സരം 13 ഗോൾ
✍🏿 നിസാം കക്കയം
കൂരാച്ചുണ്ട് : വ്യാഴാഴ്ച പാലക്കാട് നടന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ എതിരില്ലാത്ത 38 ഗോളുകള്‍ക്ക് തകര്‍ത്ത കേരള വനിതാ ടീമിന്റെ മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമായി കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി. കിക്കോഫ് മുതല്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ട മല്‍സരത്തില്‍ 35-)o സെക്കന്‍റില്‍ ഷില്‍ജി ഷാജിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 35-)o സെക്കന്‍റില്‍ ഗോളടി തുടങ്ങിയ ഷില്‍ജി 75ആം മിനിറ്റിൽ കളം വിടുന്നത് വരെ അടിച്ചുകൂട്ടിയത് 13 ഗോളുകളാണ്.
പണ്ട് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കക്കയത്തെയും, കൂരാച്ചുണ്ടിലെയും അറിയപ്പെടുന്ന ഫുട്‌ബോൾ താരമായിരുന്നു ഷിൽജിയുടെ അച്ചൻ ഷാജി ജോസഫ്. എന്നാല്‍, ജീവിതത്തിലെ കണക്ക് കൂട്ടലുകളിൽ പലപ്പോഴും റെഡ് കാർഡ് ഉയർന്നപ്പോൾ ഫുട്‌ബോള്‍ എന്ന സ്വപ്‌നം ഷാജിക്ക് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
കേരളോത്സവം ടൂർണമെന്റിൽ കേരള ഷാജി ബൂട്ടണിഞ്ഞ ഷാജി കോഴിക്കോട്ടെ പ്രമുഖ അഖിലേന്ത്യാ ടീമായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിന്റെ മുന്നേറ്റനിര താരമായിരുന്നു. മലപ്പുറത്ത് നടന്നഅഖിലേന്ത്യാ മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് രണ്ട് വർഷം ചികിത്സയിലായിരുന്നു.എന്നാൽ പിന്നീട് ഗ്രൗണ്ടിലിറങ്ങാൻ ഷാജിക്ക് സാധിച്ചില്ല. ഇനിയും പരിക്കേറ്റ് വീട്ടിലിരിക്കേണ്ടി വരുമോ എന്ന ഭയം കാരണം കളി അവസാനിപ്പിച്ചു.
ഫുട്‌ബോളിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതും ജേഴ്സി അഴിക്കാൻ കാരണമായി. പകരം ഷാജി കൂലിപ്പണിക്കാരന്റെ കുപ്പായം എടുത്തിട്ടു. ഐഎൻടിയുസി ലോഡിങ് തൊഴിലാളിയായും, മരം പണിക്കാരനായും, മണൽ വാരൽ തൊഴിലാളിയായും കഠിനാധ്വാനം ചെയ്ത് കുടുംബത്തെ കരകയറ്റി.
ഇതിനിടയിലും പഴയ ഗ്രൗണ്ടും, ഗ്യാലറിയിലെ ശബ്ദകോലാഹങ്ങളും ഷാജിയുടെ മനസ്സിലേക്കെത്തും. മക്കളായ ഷിൽനയിലും, ഷിൽജിയിലും ആയിരുന്നു പ്രതീക്ഷ. മൂത്ത മകളായ ഷിൽനയ്ക്ക് ഫുട്‌ബോളിനോട് താത്പര്യം കുറവായിരുന്നു. എന്നാൽ അത്‌ലറ്റിക്സിൽ തുടക്കം കുറിച്ച ഇളയ മകൾ അഞ്ചാം ക്ലാസ്സിൽ വെച്ച് തന്നെ ഫുട്‌ബോളിലേക്ക് കൂട് മാറി. അച്ഛന്റെ ഫുട്‌ബോൾ ഇഷ്ടം തന്നെയാണ് കാരണമെന്ന് ഷിൽജി ഇന്നും പറയുന്നു. പടവുകൾ ഓരോന്നായി ചവിട്ടി കയറിയ ഷിൽജി ഒടുവിൽ പതിനാറാം വയസിൽ അച്ചൻ ഒരിക്കൽ സ്വപ്നം കണ്ട ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ബംഗ്ലാദേശിൽ നടന്ന ജൂനിയർ സാഫ് കപ്പ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിനായി എട്ട് ഗോളുകൾ നേടി ടോപ്സ്‌കോററായി വിജയത്തിൽ നിർണായക സാന്നിധ്യമായി ഷിൽജി മാറി. ഓൾ ഇന്ത്യ ഫെഡറേഷന്റെ മികച്ച ഭാവി താരത്തിനുള്ള പുരസ്‌കാരവും, കേരളത്തിലെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരവും ഷിൽജിയെ തേടിയെത്തിയിരുന്നു. എറണാകുളത്ത് നടന്ന സ്കൂൾ മേളയുടെ ഉദ്ഘാടന വേദിയിൽ ദീപശിഖ വഹിച്ചതിനൊപ്പം താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഷിൽജിയാണ്. അമ്മ എൽസി, സഹോദരി ഷിൽന, മുത്തശ്ശി മേരി എന്നിവർ ഷിൽജിയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.
