ഫിസിക്കൽ സിം ഇ സിം ആക്കണമെന്ന പേരിൽ കോൾ വന്നാൽ ശ്രദ്ധിക്കണേ. ഇ-സിം കാർഡ് ആക്റ്റിവേഷൻ്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൊബൈൽ നമ്പർ കൈവശപ്പെടുത്തി ഇരയുടെ അക്കൗണ്ടിലെ പണം മിനിറ്റുകൾ കൊണ്ട് കവരുന്ന തട്ടിപ്പാണിത്.
മൊബൈൽ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇടപാടുകാരെ ബന്ധപ്പെടുന്നത്. നിലവിലുള്ള ഫിസിക്കൽ സിം കാർഡ് സിം ഇ-സിമ്മായി മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്റ്റിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും.
അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകും. ഇരകളുടെ നമ്പർ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികൾ ഉപയോഗിച്ച് ഇടപാടുകൾ അംഗീകരിക്കാനും പാസ് വേഡുകൾ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കും.
ഇ-സിം സേവനങ്ങൾക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കണമെന്നും മൊബൈൽ നെറ്റ് വർക്ക് നഷ്‌ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം
പുതുതലമുറ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം . ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണിൽ രണ്ട് ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർ അതിലൊന്ന് ഇ-സിം ആക്കാൻ കഴിയും. പരമ്പരാഗത സിംകാർഡ് ഇ-സിമ്മായി ആക്റ്റിവേഷൻ ചെയ്‌തു കഴിഞ്ഞാൽ നിലവിലുള്ള ഫിസിക്കൽ സിം പ്രവർത്തനരഹിതമാകും
Tags:
latest