തിരുവനന്തപുരം: രാത്രി യാത്രകളിൽ വാഹനമോടിക്കുമ്പോൾ ഉറക്കം വില്ലനായെത്തി അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. കൊല്ലം വലിയകുളങ്ങരയിൽ ജീപ്പ് ബസ്സിലിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഓർമ്മപ്പെടുത്തൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ഡ്രൈവിങ്ങിനിടയിലെ ഉറക്കം വരുത്തുന്ന അപകടങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. രാത്രിയിലെ വാഹനാപകടങ്ങളിൽ പ്രധാനപ്പെട്ട വില്ലനാണ് ഉറക്കമെന്ന് കുറിപ്പിൽ പറയുന്നു.
‘വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല എന്നതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുള്ള അപകടങ്ങളുടെ തീവ്രത കൂടുതലാകും. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നു. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവൃത്തിയിലേക്ക് സ്വാഭാവികമായി വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ച ശേഷം രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചവർ പകലും വാഹനമോടിക്കുമ്പോൾ തന്റെ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവരുടെയും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന് ഓർക്കണം’ -കുറിപ്പിൽ പറയുന്നു.
രാത്രി റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കും. സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിലേക്ക് നയിച്ചേക്കാം. ഉറക്ക ലക്ഷണം വന്നാൽ, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം’- മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിച്ചു.
Tags:
latest