Trending

500രൂപയുടെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് റോഡില്‍ നിന്ന് കിട്ടി ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരന്‍




കൊയിലാണ്ടി: ഒരു ദിവസം ലോട്ടറി ടിക്കറ്റ് വിറ്റാന്‍ കിട്ടുന്നത് കൂടിപ്പോയാല്‍ അഞ്ഞൂറ് രൂപയാണ്, അപ്പോള്‍ വില്‍പ്പനയ്ക്കിടെ 500രൂപയുടെ ടിക്കറ്റ് വീണുപോയാലോ? അവരുടെ അവസ്ഥ എന്തായിരിക്കും, കൊയിലാണ്ടിയിലെ ലോട്ടറി വില്‍പ്പനയ്ക്കാരിയായ നാരായണി അമ്മ ഈ അവസ്ഥ ഇന്ന് രാവിലെ അനുഭവിച്ചറിഞ്ഞതാണ്.

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ലോട്ടറി വിറ്റുകൊണ്ട് ഫയര്‍‌സ്റ്റേഷന്‍ വഴി ദേശീയപാതയിലേക്ക് പോകുന്നതിനിടെയായിരുന്നു ലോട്ടറി ടിക്കറ്റ് നഷ്ടമായത്. ദേശീയപാതയ്ക്ക് അരികിലെത്തിയപ്പോള്‍ ഒരാള്‍ ടിക്കറ്റ് വാങ്ങി. ബാക്കിയുള്ള ടിക്കറ്റ് എണ്ണിനോക്കിയപ്പോഴാണ് ഒരു ടിക്കറ്റ് നഷ്ടപ്പെട്ടതറിഞ്ഞത്.

വഴിയില്‍ നഷ്ടപ്പെട്ട ടിക്കറ്റ് തിരഞ്ഞ് മടങ്ങിവരുമ്പോള്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരന്‍ അടുത്തുവരികയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ട ടിക്കറ്റ് അവിടെ സുരക്ഷിതമായി ഇരിക്കുന്നത് കണ്ടപ്പോള്‍ ആ മുഖത്ത് ആശ്വാസം തെളിഞ്ഞുകാണാമായിരുന്നു.കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മുന്നില്‍ പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്ന ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.ബി.സുകേഷിനാണ് ലോട്ടറി ടിക്കറ്റ് കളഞ്ഞുകിട്ടിയത്. സ്‌റ്റേഷന് മുന്നില്‍ റോഡരികില്‍ വീണ നിലയിലായിരുന്നു ടിക്കറ്റ് കണ്ടത്. 
കുറച്ചുമുമ്പ് പ്രായമായ ഒരു സ്ത്രീ ലോട്ടറി ടിക്കറ്റുമായി പോകുന്നത് സുകേഷിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ അവരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്ന നിഗമനത്തില്‍ ടിക്കറ്റ് സൂക്ഷിച്ചുവെയ്ക്കുകയും അവരെ കണ്ടാല്‍ പറയണേയെന്ന് മറ്റ് ജീവനക്കാരോട് പറഞ്ഞേല്‍പ്പിക്കുകയുമായിരുന്നു. സുകേഷിനും ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് നാരായണി അമ്മ മടങ്ങിയത്.

Post a Comment

Previous Post Next Post