Trending

മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്തി​ന്റെ ഹൃദയം 13 കാരിയിലൂടെ ഇനിയും ജീവിക്കും; ദാനം ചെയ്തത് 6 അവയവങ്ങൾ




കൊച്ചി: വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിലൂടെ ജീവിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും മള്ളുശ്ശേരി പാലമറ്റത്ത് ബിജു മകൻ 18 കാരനായ ബിൽജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു.

കൊല്ലത്തു നിന്നും വന്ദേഭാരതിലാണ് 13കാരിയെ വൈകിട്ടോടെ എറണാകുളത്ത് എത്തിച്ചത്. നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ സെപ്‌തംബർ രണ്ടിന്‌ രാത്രിയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം നടന്നത്. ഉടൻതന്നെ അങ്കമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. മൂന്നുവർഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിയായ പതിമൂന്നുകാരി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ കുട്ടിയുടെ കുടുംബത്തെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ലിസി ആശുപത്രി അധികൃതർ വിളിക്കുന്നത്. വൈകിട്ട് 7 മണിക്ക് മുൻപ് എറണാകുളത്ത് എത്താനായിരുന്നു നിർദ്ദേശം. എയർ ലിഫ്റ്റ് ചെയ്യാൻ കാലതാമസം വരുമെന്നതിനാൽ വന്ദേഭാരതിലായിരുന്നു കുട്ടി എറണാകുളത്ത് എത്തിയത്.കുട്ടിയുടെ പരിശോധനകൾ പൂർത്തിയാക്കി രാത്രി പതിനൊന്നരയോടെ ശസ്ത്രക്രിയയ്ക്ക് ലിസി ആശുപത്രി അധികൃതർ തയ്യാറായി. അതേസമയം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ബിൽജിത്തിന്റെ ഹൃദയം കുട്ടിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് റോഡ് മാർഗ്ഗം അതിവേഗം ഹൃദയം ലിസി ഹോസ്പിറ്റലിൽ എത്തിച്ചു.

രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ അവസാനിച്ചു. കാലടി ആദിശങ്കര കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയും ആയിരുന്ന 18കാരനായ ബിൽജിത്ത് ബിജുവിന്റെ
6 അവയവങ്ങൾ (ഹൃദയം, കരൾ,ചെറുകുടൽ,കണ്ണ്,പാൻക്രിയാസ്, വൃക്ക) ആണ് ദാനം ചെയ്യുന്നത്.

Post a Comment

Previous Post Next Post