Trending

ബോബി എങ്ങനെ മരിച്ചു; രണ്ടുദിവസംകൊണ്ട് ഉത്തരംതന്ന് പോലീസ്



തൊട്ടിൽപ്പാലം : പശുക്കടവിൽ വീട്ടമ്മയുടെയും വളർത്തുപശുവിന്റെയും മൃതദേഹം കണ്ടെത്തിയതുമുതൽ തൊട്ടിൽപ്പാലം പോലീസിന് ഉറക്കമില്ലായിരുന്നു. ദുരൂഹമായ മരണമാണെന്ന് ആദ്യംതന്നെ ഉറപ്പിച്ചു. പക്ഷേ, എങ്ങനെയെന്നതിന് ഒരു സൂചനയുമില്ല, സാക്ഷികളില്ല... വെല്ലുവിളികൾനിറഞ്ഞ കേസ്. എന്നാൽ, വെറും രണ്ടുദിവസംകൊണ്ട് തെളിയിച്ച് പോലീസ് ഒരിക്കൽക്കൂടി അന്വേഷണമികവ് തെളിയിച്ചു. സംഭവം നടന്ന് രണ്ടാംദിവസം ബോബിയുടെയും പശുവിൻ്റെയും മരണത്തിന് കെണിയൊരുക്കിയ ആളെ പിടികൂടി.
വെള്ളിയാഴ്ചയാണ് ബോബിയെയും പശുവിനെയും കാണാതായത്. അന്നുരാത്രിതന്നെ സമീപത്തെ പറമ്പിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. എങ്ങനെ മരിച്ചുവെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി. വൈദ്യുതക്കെണിയിൽനിന്നുള്ള ഷോക്കേറ്റതാണ് മരണകാരണമെന്ന് അന്നുതന്നെ സംശയമുയർന്നിരുന്നു. തൊട്ടടുത്തുതന്നെ വെദ്യുതലൈനുള്ളതും കെണിയുടെ ചിലഭാഗങ്ങൾ ഇവിടെ കണ്ടതുമാണ് സംശയം ജനിപ്പിച്ചത്. പ്ലാവിന്റെ ചുവട്ടിൽ ചക്ക പറിച്ചിട്ട് വന്യമൃഗങ്ങളെ ആകർഷിച്ച് കെണിവെച്ച് പിടിക്കുന്ന രീതി വനാതിർത്തിയോടുചേർന്ന മേഖലകളിലുണ്ട്.

പശു ചത്തതിനുസമീപമുള്ള ചക്ക ഈ സംശയത്തിന് ആക്കംകൂട്ടി. പക്ഷേ, കെണിയോ ലൈനിൽനിന്ന് വൈദ്യുതിയെത്തിച്ച വയറോ ഒന്നും സ്ഥലത്തില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെ, പശുവിനും ബോബിക്കും ഷോക്കേറ്റശേഷം കെണിവെച്ചയാൾ ഇവിടെവന്ന് തെളിവുകളെല്ലാം മാറ്റിയിരിക്കാമെന്ന നിഗമനത്തിലായി പോലീസ്. ഇതോടെ പോലീസ് പലരിൽനിന്നായി വിവരങ്ങൾ ശേഖരിച്ചു. വന്യമൃഗവേട്ടയുമായി ബന്ധമുള്ളവരുടെ ചരിത്രം ചികഞ്ഞു. ഈ പറമ്പിലേക്ക് സമീപദിവസങ്ങളിൽ ആരെങ്കിലും പോയിട്ടുണ്ടോ എന്നന്വേഷിച്ചു. അങ്ങനെയാണ് സംശയം ലിനീഷിലേക്ക് നീണ്ടത്. ഞായറാഴ്ച രാത്രിതന്നെ ലീനിഷ് കസ്റ്റഡിയിലായി.
പിന്നെ എല്ലാം എളുപ്പമായി. വീട്ടിൽനിന്ന് കെണിക്ക് ഉപയോഗിച്ച കമ്പിയും വയറുമെല്ലാം കണ്ടെത്തുകയുംചെയ്തു. ബോബിയെ തിരയാനും മറ്റും സജീവമായി വെള്ളിയാഴ്ച രാത്രിമുഴുവൻ ലിനീഷ് സ്ഥലത്തുണ്ടായിരുന്നു. ശനിയാഴ്‌ച പ്രാദേശിക ചാനലുകാർക്ക് തിരച്ചിൽസംബന്ധിച്ച് ബൈറ്റും നൽകി. എന്നാൽ, പോലീസിന്റെ അന്വേഷണമികവിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കോഴിക്കോട് റൂറൽ എസ്‌പി, നാദാപുരം ഡിവൈഎസ്പ‌ി എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

Post a Comment

Previous Post Next Post