✍🏿 *നിസാം കക്കയം*
കളത്തിൽ കൈകരുത്തിന്റെ ആവേശത്തിൽ കളിക്കാർ. ആ കരുത്ത് ഹൃദയത്തിൽ ഏറ്റെടുത്ത് മൈതാന പരിസരം തിങ്ങിനിറഞ്ഞ് ആരാധകർ. പഴയ കാലത്തെ വോളിബോൾ ആവേശം ഏറ്റെടുക്കാൻ ആളുകളുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള കൂരാച്ചുണ്ട്കാരുടെ മറുപടിയാണ് ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം നടന്ന വോളിബോൾ ടൂർണമെന്റിലെ ആസ്വാദക പങ്കാളിത്തം. വോളിബോളിനെ ഹൃദയത്തിലേറ്റിയവർക്ക് ഒരു പോലെ ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു കൂരാച്ചുണ്ടിലെ വോളിബോൾ ടൂർണമെന്റ്. ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കൂരാച്ചുണ്ട് പള്ളി മൈതാനത്ത് വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു കൈപന്ത് കളി.
എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്ന് വരാത്തത് കാരണം വോളിബോൾ മലയോര മേഖലയിൽ അന്യം നിന്ന് പോവുകയായിരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ മുൻ കാലങ്ങളിൽ താരങ്ങളെ സംഭാവന ചെയ്ത കൂരാച്ചുണ്ടിന്റെ വോളിബോൾ പാരമ്പര്യം തിരിച്ചു പിടിക്കാൻ ആദ്യ കാല ക്ലബുകളിലൊന്നായ ടൗൺ ക്ലബ് കൂരാച്ചുണ്ട് അംഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ഈ വോളിബോൾ ടൂർണമെന്റ് അതിന്റെ തുടക്കം മാത്രമാണെന്നും പരിശീലനമടക്കം ആരംഭിച്ച് പഴയ പ്രതാപ കാലത്തിലേക്ക് കൂരാച്ചുണ്ടിലെ കായിക മേഖലയെ തിരിച്ചു കൊണ്ട് വരുമെന്നാണ് ടൗൺ ക്ലബ് അധികൃതരും, വോളിബോൾ പ്രേമികളും പറയുന്നത്.
കളിക്കാൻ ആളുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടവക വികാരി ഫാ.വിൻസന്റ് കണ്ടത്തിലും
അറിയിച്ചു.