തേങ്ങ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതോടെയാണ് വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും നല്ലകാലം തെളിഞ്ഞത്.
കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഉത്പാദനം പകുതിയായി ചുരുങ്ങിയതോടെയാണ് വിപണിയില്‍ ലഭ്യതക്കുറവും വിലക്കയറ്റവും ഉണ്ടായത്.
*വില കുതിക്കുന്നു, ഓണത്തിന് പണിയാകും*
നിലവില്‍ ഒരുകിലോ വെളിച്ചെണ്ണയുടെ വില 350 രൂപയ്ക്ക് മുകളിലാണ്. അധികം വൈകാതെ ഇത് 400ലേക്ക് എത്തുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഓണമെത്തുമ്ബോള്‍ 500 രൂപയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് വെളിച്ചെണ്ണ വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ കൊപ്ര ലഭ്യത തീര്‍ത്തും പരിമിതമായി. തേങ്ങ ലഭ്യത 30-35 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ അലയൊലികള്‍ ഓണ സീസണിലും തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ കൊപ്ര വില കേരളത്തില്‍ 186 രൂപയും തമിഴ്‌നാട്ടില്‍ 188 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തേങ്ങ വില 20 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ഇതാണ് കൊപ്രയിലും പ്രതിഫലിച്ചത്. തേങ്ങയും കൊപ്രയും കിട്ടാതായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ പ്രതിസന്ധിയിലായിട്ടുണ്ട്.
ഇറക്കുമതിക്കായി ശ്രമം
തേങ്ങ, കൊപ്ര ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വെളിച്ചെണ്ണ മില്ലുടമകള്‍. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തി വില പിടിച്ചു നിര്‍ത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
രാജ്യത്തുടനീളം 2,000ത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്ബനികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 എണ്ണവും കേരളത്തിലാണ്. ഈ സ്ഥാപനങ്ങളിലായി 25,000ത്തിലധികം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ലഭ്യത കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി ചൈന വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ആഗോള തേങ്ങ വിപണിയില്‍ ഡിമാന്‍ഡ് കൂടാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. തേങ്ങ അനുബന്ധ വ്യവസായങ്ങള്‍ ചൈനയില്‍ അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഇതും തേങ്ങയുടെ ഇറക്കുമതി ചൈനയിലേക്ക് കൂടാന്‍ കാരണമായി.
Tags:
latest