പാലക്കാട്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കുത്തിപരിക്കേൽപ്പിച്ചു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന തോലന്നൂർ സ്വദേശി രാജനാണ് ഭാര്യ ചന്ദ്രികയെ കുത്തികൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ സ്വയം കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
,ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടിനുള്ളിൽ വെച്ച് പരസ്പരം വഴക്കിട്ടതിനിടെ രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടർന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവർ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് മുമ്പും ചന്ദ്രികയെ ആക്രമിച്ചിട്ടുണ്ടെന്നും ചന്ദ്രികയെ കുത്തിയ ശേഷം രാജൻ സ്വയം കുത്തിയതാകാമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോർച്ചറിയിലേക്ക് മാറ്റി.
Tags:
Latest