Trending

കർഷകൻ കൊല്ലപ്പെട്ടിട്ട് ഒരുവർഷമാവുന്നു; സൗരവേലി കടലാസിൽ



കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ നിരന്തരം വന്യമൃഗശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധമുയരുന്നു. മാർച്ച് അഞ്ചിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ പാലാട്ടിയിൽ അബ്രഹാം മരിച്ചശേഷം നടന്ന ചർച്ചയിൽ ഈ മേഖലയിൽ രണ്ടുകിലോമീറ്റർ ദൂരം സൗരവേലി യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് വനംവകുപ്പധികൃതർ ഉറപ്പുനൽകിയിരുന്നു. കർഷകസംഘടനകളും പ്രദേശവാസികളും വനംവകുപ്പിന്റെ വാക്ക് വിശ്വാസത്തിലെടുത്താണ് സമരം അവസാനിപ്പിച്ചിരുന്നത്. എന്നാൽ, ഒരുവർഷമാവാനായിട്ടും സൗരവേലിനിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. മേഖലയിൽ കാട്ടുപോത്തുകളുടെ കൂട്ടം ഇടയ്ക്കിടെ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

മാർച്ച് അഞ്ച് വഞ്ചന ദിനം -കത്തോലിക്ക കോൺഗ്രസ്

കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ട മാർച്ച് അഞ്ച് വഞ്ചന ദിനമായി ആചരിക്കുമെന്ന് കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസന്റ്റ് കണ്ടത്തിൽ. കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃസംഗമം കൂരാച്ചുണ്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് സൗരവേലി സ്ഥാപിക്കുമെന്ന വാഗ്‌ദാനം കർഷകൻ കൊല്ലപ്പെട്ടിട്ട് ഒരുവർഷമാവാനായിട്ടും നടപ്പാക്കാൻ സാധിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര-കേരള സർക്കാരുകളുടെ ബജറ്റുകൾ
കർഷകദ്രോഹവും അപഹാസ്യവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നിമ്മി പൊതിയേട്ടേൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, ബോബൻ പുത്തൂരാൻ, ബേബി വട്ടോട്ടുത്തറപ്പേൽ, സണ്ണി എബ്രയിൽ, ദാസ് കാനാട്ട്, ചെറിയാൻ മുതുകാട്, സൂസി ചെമ്പോട്ടിക്കൽ, ജയിംസ് കൂരാപ്പിള്ളി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post