Trending

വയനാട് വീണ്ടും കടുവ ഇറങ്ങി; തലപ്പുഴയിൽ ജനവാസ മേഖലയിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി സ്ഥിരീകരണം



മാനന്തവാടി: വയനാട്‌ ജനവാസ മേഖലയിൽ കടുവ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്തു. മാനന്തവാടി തലപ്പുഴയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടത്. പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തലപ്പുഴയും പരിസര പ്രദേശങ്ങളും ആശങ്കയിലാണ്. വനംവകുപ്പ് അധികൃതർ എത്തിയാണ് കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പ് സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കി. കണ്ണോത്തുമല, കാട്ടേരിക്കുന്ന്, കമ്പിപ്പാലം, ഇടിക്കര, പത്താം നമ്പര്‍, പുതിയിടം തുടങ്ങിയ പ്രദേശങ്ങൾ കുറച്ചു നാളുകളായി കടുവ ഭീതിയിലാണ്. വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ മുമ്പ് കടുവയെ കണ്ടെന്ന് സൂചന കിട്ടിയിരുന്നു.

 പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ ആക്രമിക്കുകയും ചെയ്തിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ നായയെ കടിച്ചെടുത്ത് കടുവ ഓടുകയായിരുന്നു.

Post a Comment

Previous Post Next Post