Trending

മുത്തശ്ശി കാറിടിച്ച് മരിച്ചു, 9 വയസുകാരി കോമയിൽ തുടരുന്നു; പ്രതിയെ പിടികൂടിയത് 11 മാസത്തെ അന്വേഷണത്തിനൊടുവിൽ; ഷെജിന് ജാമ്യം നൽകി കോടതി



വടകര: കോഴിക്കോട് വടകരയില്‍ മുത്തശ്ശി കാറിടിച്ച് മരിക്കുകയും 9 വയസുകാരി കോമയിലാവുകയും ചെയ്ത കേസില്‍ പ്രതി ഷജീലിന് ജാമ്യം. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ 11 മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. അപകടസമയത്ത് കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ബേബി പിറ്റേദിവസം തന്നെ മരിച്ചിരുന്നു.


രണ്ട് കേസുകളാണ് ഷജീലിനെതിരേ എടുത്തിരിക്കുന്നത്. അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോയതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയും വാഹനം മതിലില്‍ ഇടിച്ചതാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചതുമാണ് കേസുകള്‍. ഇതില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച കേസില്‍ നേരത്തെ തന്നെ ഷജീല്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വാഹനാപകടമുണ്ടാക്കിയ കേസിലാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

2024 ഫെബ്രുവരി 17 രാത്രിയാണ് ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന ഒമ്പതുവയസുകാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ വെച്ചായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം ഷജീല്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒമ്പത് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അപകടമുണ്ടാക്കിയ കാറും വാഹനമുമടമയേയും തിരിച്ചറിഞ്ഞത്. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. അന്വേഷണം ഊര്‍ജിതമാക്കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന ഒരു വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. 


വാഹനമോടിച്ച ഷജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയിരുന്നു.

അതേസമയം അപകടമുണ്ടാക്കിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ തിങ്കളാഴ്ചയാണ് പിടിയിലാകുന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷജീലിനെ എമിഗ്രേഷന്‍ വിഭാഗമാണ് പിടികൂടിയത്. അപകടമുണ്ടാക്കി വിദേശത്തേക്ക് കടന്ന ഇയാളെ പിടികൂടാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് വടകയില്‍ എത്തിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post