പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആറു പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു എന്ന് സൂചന. ഇന്നലെ രാത്രിയിൽ പൊലീസിന്റെ പിടിയിലായ ചെന്താമരയെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അയൽവാസികളായ സജിത, ഭർത്താവ് സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി, ചെന്താമരയുടെ ഭാര്യ, മകൾ, ഒരു പൊലീസുകാരൻ എന്നിവരാണത്രെ ഇയാളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നത്. ഇതിൽ സുധാകരനെയും അമ്മയേയും കഴിഞ്ഞ ദിവസം കൊലപ്പെടുത്തി. സജിതയെ 2019ൽ കൊലപ്പെടുത്തിയിരുന്നു. അവശേഷിക്കുന്ന മൂന്നുപേരെയും വകവരുത്തിയ ശേഷം കീഴടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ കുടുംബം തകരാൻ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയുമാണ് ചെന്താമരയെ കൊലപാതകങ്ങൾക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. 2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് പിടിയിലായ ചെന്താമര, ചിലരെക്കൂടി കൊല്ലാൻ പദ്ധതിയുണ്ടെന്നും പൊലീസ് പിടികൂടിയതിനാൽ അതു നടത്താനായില്ലെന്നും ചോദ്യംചെയ്യലിൽ പറഞ്ഞതായി അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന റിട്ട. ഡിവൈഎസ്പി കെ.എം.ദേവസ്യ പറഞ്ഞിരുന്നു. ആ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയതായിരുന്നു ചെന്താമര. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ സുധാകരനെതിരെ വധഭീഷണി മുഴക്കിയിരുന്നു. സുധാകരനും കുടുംബവും അതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീതു നൽകി വിട്ടയയ്ക്കുകയായിരുന്നു. കൂരാച്ചുണ്ട് വാർത്തകൾ,
ഇയാൾ അപകടകാരിയാണെന്നും നടപടിയെടുക്കണമെന്നും നാട്ടുകാരും പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഇരട്ടക്കൊലപാതകം നടത്തിയതിനു പിന്നാലെ നാട്ടുകാർ പൊലീസിനെതിരെ രോഷപ്രകടനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് പ്രതിയെ പിടികൂടിയ ശേഷം നെന്മാറ പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായത്.
ഇതേസമയം, അയൽവാസികളായ മൂന്നുപേരുടെ ജീവനെടുത്തതിന് പിന്നിൽ ചെന്താമരയുടെ അന്ധവിശ്വാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അഞ്ചു വർഷം മുമ്പ് സജിതയെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിലാണ് പ്രതി ചെന്താമര കൊലപാതകത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന സൂചന നൽകിയത്. തന്റെ കുടുംബ പ്രശ്നങ്ങൾക്ക് കാരണം മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു എന്നായിരുന്നു അന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴി. കൂരാച്ചുണ്ട് വാർത്തകൾ ഭാര്യയും മക്കളും തന്നിൽ നിന്നും അകന്നത് സജിതയും കുടുംബവും നടത്തിയ ദുർമന്ത്രവാദത്തെ തുടർന്നാണെന്നും അന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ഈ പകയുടെ ബാക്കിയായാണ് ചെന്താമര കഴിഞ്ഞ ദിവസം സജിതയുടെ ഭർത്താവിനെയും അമ്മയേയും കൊലപ്പെടുത്തിയത്.
Tags:
Latest