Trending

ആശിച്ചതുപോലെ അജിത്ത് തിരുപ്പട്ടം സ്വീകരിച്ചു : കാണാൻ അമ്മയില്ല




✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : മകൻ വൈദികനായി കാണണമെന്ന ആഗ്രഹം സഫലീകരിക്കാൻ സാധിക്കാതെ മരണമടഞ്ഞ ജിജി വെളിയത്തിന്റെ ആത്മാവ് സ്വർഗ ലോകത്തിരുന്ന് നിറ മനസോടെ മകന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങ് കണ്ടിട്ടുണ്ടാകും.

മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷം സഫലമാകുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് കൂരാച്ചുണ്ട് കരിയാത്തുംപാറ സ്വദേശി ജിജി വെളിയത്ത് (55) കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നത്. അസുഖം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഡിസംബറിൽ നടത്തേണ്ടിയിരുന്ന ഇളയ മകൻ അജിത്തിന്റെ വൈദികപട്ട സ്വീകരണച്ചടങ്ങ് ജിജിയുടെ ആഗ്രഹപ്രകാരം
ഏപ്രിൽ പതിനാറിന് രാവിലെ പത്തിന് കരിയാത്തുംപാറ സെയ്ന്റ് ജോസഫ് പള്ളിയിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് പുലർച്ചെ ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ജിജി വിട വാങ്ങുകയായിരുന്നു. മരണത്തെ തുടർന്ന് തിരുപട്ട സ്വീകരണ ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.ചടങ്ങിനായി പള്ളിയോട് ചേർന്ന് ഒരുക്കിയ പന്തലിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നിരുന്നത്. ജിജിയുടെ ഭർത്താവ് ജോസ് വെളിയത്ത് മുൻ ഗ്രാമപഞ്ചായത്തംഗവും സാമൂഹിക പ്രവർത്തകനുമാണ്.

ഡിസംബർ 27 വെള്ളിയാഴ്ച രാവിലെയാണ് ഏപ്രിലിൽ മാറ്റി വെച്ച അജിത്തിന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങ് നടന്നത്. കരിയാത്തുംപാറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിന്നുമാണ് അജിത് പൗരോഹിത്യം സ്വീകരിച്ചത്. ഡീക്കൻ അജിത്തിനൊപ്പം കരിയാത്തുംപാറ സ്വദേശി ഡീക്കൺ റിനു തിട്ടയിലും വെള്ളിയാഴ്ച വൈദിക പട്ടം സ്വീകരിച്ചു

Post a Comment

Previous Post Next Post