Trending

മായയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം; ഇന്നലെ പുലർച്ചെ അപ്പാർട്ടുമെന്റിൽ നിന്നും പോയ ആരവ് ഇപ്പോഴും കാണാമറയത്ത്; കണ്ണൂരിലെ വീട്ടിൽ പരിശോധന നടത്തി പൊലീസ്





കണ്ണൂർ: ബെംഗളൂരുവിൽ വ്ലോഗറായ യുവതിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസം സ്വദേശിനി മായ ഗോഗോയിയെ കൊലപ്പെടുത്തിയത് യുവതിയുടെ കാമുകനായ കണ്ണൂർ സ്വദേശി ആരവ് തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രണ്ടു ദിവസം ഇയാൾ മൃതദേഹത്തിനൊപ്പം അപ്പാർട്ടുമെന്റിൽ കഴിഞ്ഞു. അതിന് ശേഷം ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം.

ആരവിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു. മായയെ കൊല്ലാൻ ആരവ് നേരത്തേ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് നിഗമനം. കൊല്ലണം എന്ന് ഉദ്ദേശിച്ചു തന്നെയാണു മുറിയെടുത്തത്. ഓൺലൈനിൽ ആരവ് നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി കണ്ടെത്തി. കയർ ഉപയോഗിച്ച് മായയുടെ കഴുത്ത് ഞെരിച്ച ശേഷം നെഞ്ചിൽ തുടർച്ചയായി കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ശനിഴാഴ്ച മായയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തതായാണ് വിവരം. ഞായറാഴ്ച ആരവ് മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെട്ടത് ഇന്നലെ പുലർച്ചെയാണ്. അതുവരെ ആരവ് മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞു.

ബംഗളൂരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കൺസൾട്ടൻസിയിൽ സ്റ്റുഡൻറ് കൗൺസിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള യുട്യൂബറാണ് മായ. ഫാഷൻ, ഭക്ഷണം, ദൈനംദിന ജീവിത നിമിഷങ്ങൾ എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ശ്രദ്ധിക്കപ്പെട്ടത്.

Post a Comment

Previous Post Next Post