✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കടന്ന് പോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിലുള്ള കെട്ടിട ഉടമകളിൽ നിന്നുള്ള മുഴുവൻ സമ്മതപത്രങ്ങളും ലഭ്യമായതോടെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കൾക്ക് വിരാമമായി.
ഭൂമി കൈമാറൽ പ്രതിസന്ധി ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് ശേഷമാണ് രണ്ടാം ഘട്ടത്തിൽ ഏറ്റുവാങ്ങൽ വേഗത്തിലായത്.
കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ പരിധിയിലുള്ള 67 കെട്ടിട ഉടമകളിൽ 27 പേരുടെ സമ്മതപത്രം ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നു. പിന്നീട് സമ്മതപത്രം ഏറ്റുവാങ്ങുന്നതിലും, കൈമാറുന്നതിലും ആശയ കുഴപ്പങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നത്. കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ സാന്നിധ്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ മലയോര ഹൈവേ അധികൃതർക്ക് സമ്മതപത്രം കൈമാറാനാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ്
പോളി കാരക്കട , വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഒ.കെ.അമ്മദ് ,സിമിലി ബിജു ,ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ജെ.ആൻസമ്മ ,അരുൺ ജോസ് ,സണ്ണി പുതിയകുന്നേൽ , വിത്സൻ പാത്തിച്ചാലിൽ, സർവകക്ഷി പ്രതിനിധികളായ എൻ.കെ.കുഞ്ഞമ്മദ്, സണ്ണി പാരഡൈസ് എന്നിവർ ചൊവ്വാഴ്ച കെട്ടിട ഉടമകളെ കാണാൻ നേതൃത്വം നൽകി .
എല്ലാവരും ഒരുമിച്ചിറങ്ങിയതിന്റെ വിജയം
മലയോര ഹൈവേയുടെ ഭാഗമായ ചെമ്പ്ര മുതൽ 28ആം മൈൽ വരെയുള്ള ഭാഗമാണ് പഞ്ചായത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനുണ്ടായിരുന്നത്
കൂരാച്ചുണ്ട് അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവൻ ആളുകളുടെയും സമ്മതപത്രം കിട്ടാൻ വൈകുന്നത് കാരണം പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതിനെ തുടർന്ന് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗ തീരുമാനപ്രകാരം ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി മുഴുവൻ ആളുകളും ഒരുമിച്ച് രംഗത്ത് ഇറങ്ങിയതിന്റെ ഫലമായാണ് മേഖലയിലെ മുഴുവൻ വ്യാപാരികളിൽ നിന്നും സമ്മതപത്രങ്ങൾ വാങ്ങാൻ സാധിച്ചത്.
പോളി കാരക്കട
( കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
സ്ഥല ഉടമകളുടെ ത്യാഗത്തിന് നന്ദി
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് അതി സങ്കീർണ്ണമായ ഒരു ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.
പ്രാദേശിക ഭരണകൂടവും രാഷ്ടീയ പാർട്ടികളും ,കെട്ടിട ഉടമകളും ഒന്നിച്ചിറങ്ങിയതിന്റെ ഫലമായാണ് ഇത് സാധ്യമായത്. താൽക്കാലിക നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ റോഡ് വികസനം കൊണ്ട് നാടിന് ഉണ്ടാകുന്ന നേട്ടങ്ങളെ മുൻനിർത്തിയാണ് ഉടമകൾ ത്യാഗത്തിന് തയ്യാറായത് . ഏറെ വിലപ്പെട്ട കയ്യൊപ്പ് നൽകി ചരിത്രത്തിന്റെ ഭാഗമായ മുഴുവൻ സ്ഥല ഉടമകൾക്കും നന്ദി.
എൻ.കെ.കുഞ്ഞമ്മദ്
( സർവകക്ഷി അംഗം )