*വൈദ്യുതി ബോർഡിന്റെ കക്കയം കെ.എസ്.ഇ.ബി കോളനിയിലെ ക്വാര്‍ട്ടേഴ്‍സുകള്‍ നശിക്കുന്നു
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : വൈദ്യുതി ബോർഡിന്റെ കീഴിലുള്ള കക്കയം കെ.എസ്.ഇ.ബി കോളനിയിലെ ക്വാര്‍ട്ടേഴ്‍സുകള്‍ അറ്റകുറ്റപ്പണികളില്ലാത്തത് കാരണം നശിക്കുന്നു. കക്കയം ഡാം നിർമ്മാണ സമയത്ത് കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഭൂമിയിൽ നൂറുകണക്കിന് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങളാണ് അറ്റകുറ്റ പണികൾ നടത്താത്തത് കാരണം നശിച്ചു കൊണ്ടിരിക്കുന്നത്.
വലിയ വാകമരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നു. വാതിലുകളും ജനലുകളും ദ്രവിച്ചു തീർന്നിരിക്കുകയാണ്. ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിൽ പുല്ല് വളർന്ന് കെട്ടിടം താറുമാറായി കിടക്കുകയാണ്. ചിലതൊക്കെ പൊട്ടിയും നശിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് പണിത കെട്ടിടങ്ങൾക്ക് പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല.
കൃത്യമായി പരിപാലിച്ച് വാടകയ്‍ക്ക് നല്‍കിയാല്‍ സർക്കാർ ഉദ്യോഗസ്ഥർ തന്നെ താമസിക്കാൻ സാധ്യതയുണ്ട്. ഇതിനും വൈദ്യുതി ബോർഡ് താല്‍പര്യം കാണിക്കാറില്ല. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം നശിക്കുന്നത്. സാമൂഹ്യ വിരുദ്ധർ കെട്ടിടങ്ങളിൽ കയറിയിറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ ക്വാര്‍ട്ടേഴ്‍സുകള്‍ വാസയോഗ്യമാക്കിയാല്‍ സഞ്ചാരികളും താമസത്തിനെത്തിയേക്കാം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾ പൊട്ടൽ സാധ്യത നേരിടുന്ന മേഖലകളിലുള്ളവരെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം വരുമ്പോഴും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. ക്വാര്‍ട്ടേഴ്‍സുകള്‍ വെറുതേ കിടന്ന് നശിക്കുന്ന സംഭവത്തില്‍ വിശദമായ പഠനം വേണമെന്നും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂര്‍ത്തായാക്കാൻ നടപടി സ്വീകരിക്കണമെന്നും സെൽഫി ജനശ്രീ സംഘം കക്കയം ആവശ്യപ്പെട്ടു.
'പദ്ധതിയുടെ തുടക്കത്തിൽ നിർമ്മിച്ചവ'
കക്കയം ഡാമും, കെ.എസ്.ഇ.ബി ഓഫീസുകളും, കനാലുകളും നിർമ്മിച്ച യാത്രാസൗകര്യം തീരെയില്ലാത്ത കാലത്ത് താമസ സൗകര്യം ആവശ്യമുളള നിരവധി ജീവനക്കാരുണ്ടായിരുന്നു. അതിന് പരിഹാരം കാണാനായാണ് ക്വാർട്ടേഴ്സുകൾ നിർമിച്ചത്. ഡാം നിർമ്മാണം പൂർത്തിയായതോടെ പദ്ധതിയിൽ ജീവനക്കാരുടെ എണ്ണംകുറഞ്ഞു. ഉള്ളവരിൽ ഭൂരിഭാഗവും വീടുകളിൽ പോയി ദിവസവും വരുന്നവരായി. ഇതോടെ താമസക്കാരില്ലാതെ ഒഴിച്ചിട്ടവയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.
'സാധ്യതകൾ ഉപയോഗപ്പെടുത്തണം'
അറ്റകുറ്റപണികൾ നടത്തിയാൽ വാസയോഗ്യമാക്കാൻ സാധ്യമാകുന്ന കെട്ടിടങ്ങൾ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കട്ടിക്കാന ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ മേഖലകൾ സന്ദർശിക്കാൻ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വാടക ഈടാക്കി കൊണ്ട് താമസസൗകര്യം ഒരുക്കിയാൽ സർക്കാരിന് വരുമാന മാർഗവും സാധ്യമാകുമെന്ന് കട്ടിക്കാന ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.