*സർവ്വകക്ഷി യോഗം വിളിക്കാൻ ജാഗ്രത സമിതി തീരുമാനം
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് റോഡരികിൽ കക്കയം വാലിക്ക് സമീപം പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സർവ്വകക്ഷി യോഗത്തിന് ശേഷം മതിയെന്ന് പഞ്ചായത്ത് തല ജാഗ്രത സമിതി യോഗം തീരുമാനിച്ചു. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെയും, കർഷക സംഘടനകളുടെയും മാസങ്ങൾ നീണ്ട സമര പരമ്പരകൾക്ക് ശേഷമാണ് കക്കയം അങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ കക്കയം വാലിക്ക് സമീപത്തേക്ക് മാറ്റിയിരുന്നത്.
ടിക്കറ്റ് കൗണ്ടർ നിലവിൽ പ്രവർത്തിക്കുന്ന മേഖലയിൽ മൊബൈൽ റെയ്ഞ്ച് ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ സാധിക്കാത്തത് കാരണമാണ് ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കാൻ വനംവകുപ്പ് നടപടികൾ തുടങ്ങിയിരുന്നത്.
ജാഗ്രത സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാർളി പുല്ലംകുന്നേൽ, സെക്രട്ടറി ഇ.ഷാനവാസ്, പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസർ എൻ.പ്രബീഷ്, വില്ലേജ് ഓഫീസർ പി.വി.സുധി എന്നിവർ സംസാരിച്ചു.
ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിൽ അനുവദിക്കില്ല
ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിച്ച് പൊതുസ്ഥലം കയ്യേറി കൗണ്ടർ സ്ഥാപിച്ചാൽ നിയമപരമായി നേരിടുമെന്ന് കിഫ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇക്കോ ടൂറിസം പദ്ധതിയുടെ ആരംഭത്തിൽ ടൂറിസം കേന്ദ്രത്തിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള കക്കയം അങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഡാം സൈറ്റിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി ഡാം സൈറ്റിലേക്കുള്ള പൊതുമരാമത്ത് സ്ഥലത്ത് റോഡരികിലാണ് വനം വകുപ്പ് പുതിയ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചത്. ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ പോകുന്നവർ മാത്രമേ ഇവിടെ നിന്നും ടിക്കറ്റ് എടുക്കേണ്ടതുള്ളുവെങ്കിലും ഡാം സൈറ്റിലേക്കും, ഹൈഡൽ ടൂറിസത്തിലേക്കും ഉള്ള സഞ്ചാരികളെയും ഇവിടെ നിന്ന് ടിക്കറ്റ് എടുപ്പിക്കുന്ന സാഹചര്യമാണുള്ളത്.ഓരോ സഞ്ചാരിയിൽ നിന്നും ഉരക്കുഴിയിലേക്കുള്ള പ്രവേശന ഫീസായി അൻപത് രൂപ ഈടാക്കുന്നുണ്ടെങ്കിലും പാർക്കിംഗ്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല എന്നത് പ്രതിഷേധാർഹമാണെന്നും കിഫ പറഞ്ഞു.
സുനിൽ വടക്കേൽ, ബേബി മരുതോലി, ജിമ്മി വല്ലയിൽ, മാത്യു നരിക്കുഴി, ജോസ് കണിയാശേരി എന്നിവർ സംസാരിച്ചു.