✍🏿 *നിസാം കക്കയം*
ഓണമിങ്ങെത്തി :
ഇക്കൊല്ലമെങ്കിലും വറുതിക്കറുതിയാകുമോ, പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖല
കൂരാച്ചുണ്ട് : ഇന്ന് ഉത്രാടം..നാളെ നേരം പുലർന്നാൽ പൊന്നോണം. ഇടയ്ക്കിടയ്ക്ക് ഓണവെയിലിനെയും കടന്നെത്തുന്ന മഴ മേഘങ്ങൾ രസം കൊല്ലിയായി പെയ്തിറങ്ങുന്നത് ആശങ്കയാകുന്നുണ്ടെങ്കിലും അത്തം കറുത്തതിനാൽ ഓണം വെളുക്കുമെന്ന കണക്കിലുറച്ചാണ് മലയോര മേഖലയുടെ ഓണ ഒരുക്കങ്ങൾ.
'നാട്ടിലുണ്ടോ നാട്ടുപൂക്കൾ..? ഓണക്കാലമെത്തുന്നതോടെ സ്ഥിരമായി ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. നാട്ടുപൂക്കളുടെ ഓണവിളികൾ മുടങ്ങാറില്ലാത്ത കക്കയത്തെ കുന്നിൻ ചെരിവുകളും, കുറ്റ്യാടി പുഴയോരവുമാണ് ലക്ഷ്യം.
കക്കയം കെ.എസ്.ഇ.ബി കോളനി ഗ്രൗണ്ടിലെത്തിയപ്പോൾ ഓണാഘോഷം പൊടി പൊടിക്കുകയാണ്. മത്സരം തുടങ്ങുന്നിടത്ത് തന്നെ ഒരാൾ സ്വീകരിക്കാനായി കാത്തുനിൽക്കുകയായിരുന്നു. അതേ, അത് നമ്മുടെ മാവേലി തന്നെ.
അവിടവിടെ സെൽഫി എടുക്കുന്നവരെയും കാണാമായിരുന്നു.വാശിയേറിയ വടം വലി മത്സരമാണ് നടക്കുന്നത്.
"പാറക്കാ.. വിട്ട് കൊടുക്കല്ലേ.." ആവേശം പൊടി പാറുകയാണ്. മത്സര ശേഷം വിജയികൾക്ക് നല്ല ഏത്തക്കുലയാണ് സമാനമായി ലഭിച്ചത്.
"ഇവിടെ കേറിയിട്ട് പൊയ്‌ക്കോട്ടോ,
മുകളിലെത്താൻ ഒരുപാട് സമയമെടുക്കും " കക്കയം ഡാം സൈറ്റ് ടൂറിസം മേഖല സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കക്കയം അങ്ങാടിയിലുള്ള പി.ടി.ഹോട്ടലിലെ ബഷീർക്ക വിളിച്ചു പറയുന്നുണ്ട്.
'ഓണമിങ്ങെത്തിയിട്ടും ഇവിടെയെങ്ങും ഒരു തിരക്കില്ലാത്ത പ്രതീതിയാണ്. ഈ ഓണവും പ്രതീക്ഷക്ക് വക നൽകില്ലെന്ന് തോന്നുന്നു.
ടൂറിസം മേഖലയുടെ തളർച്ച ബഷീർക്കയുടെ സ്വരത്തിൽ വ്യക്തം.
പണ്ടൊക്കെ ഓണമടുക്കുമ്പോഴേക്കും കക്കയം അങ്ങാടിയിലും പരിസരത്തും ഒരു ഓളമായിരിക്കും. കക്കയത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന നൂറ് കണക്കിന് ആളുകളും, കുട്ടികളും അവരുടെ വാഹനവുമെല്ലാമായി ഒരു ജഗപൊക.
കക്കയം എന്ന പേരു കേട്ടാൽ തന്നെ സഞ്ചാരികൾ ബാഗുകളും പാക്ക് ചെയ്ത് ട്രിപ്പിനൊരുങ്ങുന്ന കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ കഥ മാറി, വികസനമില്ലായ്മയും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം വിനോദ സഞ്ചാരികളുടെ വരവ് നാൾക്ക് നാൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഓണക്കാലത്തെങ്കിലും സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം മേഖലയിലുള്ളവർ. എന്നാൽ, ഓണം പടിവാതിൽക്കലെത്തിയിട്ടും സഞ്ചാരികൾ മാത്രം എത്താൻ തുടങ്ങിയിട്ടില്ല.
"കെടുതീം ബുദ്ധിമുട്ടുമൊക്കെ വന്നും പോയും അങ്ങനിരിക്കും, നല്ലോണം വരികയല്ലേ, എല്ലാം ശരിയാകുമായിരിക്കും' ജോലിക്ക് പോകാൻ വേണ്ടി വണ്ടിയും കാത്ത് കക്കയം അങ്ങാടിയിൽ നിൽക്കുന്നതിനിടെ വനം വകുപ്പിന് കീഴിലുള്ള കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഗൈഡുമാരായി ജോലി ചെയ്യുന്ന
രജനി ചേച്ചിയും, സലോമി ചേട്ടനും ലോഹ്യം പറയുകയാണ്.
2004ലാണ് കക്കയത്ത് വനംവകുപ്പിന് കീഴിൽ ഇക്കോ ടൂറിസം നിലവിൽ വന്നത്. അന്ന് മുതൽ വനം വകുപ്പിനൊപ്പമുണ്ട് ഈ ഗൈഡുമാർ.
"ഞങ്ങൾ പത്തൊമ്പത് ഗൈഡുമാരിൽ പലർക്കും ആകെയുള്ള വരുമാന മാർഗമാണ് ഇത്. എന്നാൽ ഈ വർഷം തുടക്കം മുതൽ ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളും, മഴയും മറ്റു പ്രതിസന്ധികളും കാരണം ഒരു മാസത്തെ പണി പോലും ആർക്കും ഈ കൊല്ലം കിട്ടിയിട്ടില്ല, ഈ ഓണമെങ്കിലും ഉഷാർ ആവുമായിരിക്കും" സലോമി ചേട്ടന്റെ വാക്കുകളിൽ പ്രതീക്ഷ നിഴലിക്കുന്നുണ്ട്.
"തിരക്കുള്ള സമയമെങ്കിൽ ഓരോ ദിവസവും പതിനായിരങ്ങൾ വനം വകുപ്പിന് കക്കയത്തെ ഇക്കോ ടൂറിസം മേഖലയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആളില്ലാതായപ്പോൾ ഗൈഡുമാരെ തിരിഞ്ഞു നോക്കാൻ പോലും വനം വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്നത് കഷ്ടം തന്നെ " കർഷക സംഘടന നേതാവായ ജോൺസൻ മാഷിന്റെ അഭിപ്രായം അങ്ങാടിയിലെ മറ്റുള്ളവരും ശരി വെച്ചു.
'തിരുവോണത്തിന് ഇനി മണിക്കൂറുകൾ മാത്രമേയുള്ളു, പണ്ടൊക്കെ എല്ലാ ദിവസവും കക്കയത്ത് ഓണത്തിന്റെ തിരക്ക് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു നൂറാളെ കണ്ട കാലം മറന്നു, വേറെ വല്ല പണിയും നോക്കേണ്ടി വരും' അങ്ങാടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അജ്മലിനും ഓണം പ്രതീക്ഷ നൽകുന്നില്ല
'അതെങ്ങനെയാ, കിലോ മീറ്ററുകൾ താണ്ടി നമ്മുടെ നാട് കാണാൻ എത്തുന്നവരെ രണ്ട് ഭാഗമായി തിരിഞ്ഞല്ലെ ടിക്കറ്റ് പിരിവ് നടത്തി ഹൈഡൽ ടൂറിസവും, ഇക്കോ ടൂറിസവും ചെയ്യുന്നത്, ഇവന്മാരുടെ ഈഗോ മാറി മേഖലയിൽ എന്ന് കൂടുതൽ സൗകര്യമൊരുക്കുന്നോ, അന്നേ ഇനി രക്ഷയുള്ളുവെന്നാണ്' കേട്ട് നിന്ന ബേബി തേക്കാനത്തിന്റെയും അഭിപ്രായം.
കക്കയം പിന്നിട്ട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയാൽ ഇവിടെയും പണ്ടത്തെ അത്രയില്ലെങ്കിലും വലിയ കുഴപ്പമില്ലാത്ത തിരക്കുണ്ട്. കുലുക്കി സർബത്ത്, കിളി പോയ്, ഉരുൾ പൊട്ടൽ തുടങ്ങിയ വ്യത്യസ്ത പേരുകളിലുള്ള സർബത്തും, നാടൻ വിഭവങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം സർബത്ത് കട നടത്തുന്ന അജ്മലും കൂട്ടരും.
ഓണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ ഏത് തന്നെയായാലും ഏതെങ്കിലും പ്രധാന ദിവസത്തെ കടയിൽ നിന്നുള്ള വരുമാനം പ്രദേശത്തെ രോഗികൾക്കോ, പ്രയാസമനുഭവിക്കുന്നവർക്കോ കൈമാറി മാതൃക കാണിക്കുന്ന വ്യാപാരിയാണ് ഇദ്ദേഹം. അപ്പോൾ ലഭിക്കുന്ന സന്തോഷമാണ് തന്റെ ആഘോഷമെന്ന് അജ്മൽ പറയുന്നു.
'സൗകര്യങ്ങൾ വരും വരും എന്ന് പറയുകയല്ലാതെ ഒന്നും വരുന്നില്ലല്ലോ..? വന്ന ആളുകൾ വീണ്ടും വീണ്ടും വരണമെങ്കിൽ ഇവിടെ കൂടുതൽ സൗകര്യമൊരുക്കണം."
ആളുകൾ കുറയുന്നതിന് പിന്നിൽ പ്രദേശത്ത് വികസനമെത്താത്തതാണെന്നാണ് അജ്മൽ പറയുന്നത്.
കരിയാത്തുംപാറ പിന്നിട്ട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയാൽ ഉപ്പിലിട്ട വിഭവങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് ശാരദ ചേച്ചി. മാങ്ങ, പേരക്ക, ക്യാരറ്റ്, കൈതചക്ക തുടങ്ങി അത്യാവശ്യം എല്ലാം ഉപ്പിലിട്ട് വെച്ചിട്ടുണ്ടിവിടം. ഓണാവധി തന്നെയാണ് ഇവരുടെയും പ്രതീക്ഷ.
വൈകുന്നേരമായതോടെ കൂരാച്ചുണ്ട് അങ്ങാടിയിലെ ബേക്കറി കടയിൽ സാമാന്യം നല്ല തിരക്കുണ്ട്. വലിയ പാക്കറ്റ് നിറയെ കായ വറുത്തതും ശർക്കര വരട്ടിയുമൊക്കെയായി കടയിൽ നിന്നിറങ്ങുകയാണ് രാഘവേട്ടൻ. "ഓണമല്ലേ, കുടുംബം മൊത്തമായെത്തും, തിരക്ക് തുടങ്ങും മുമ്പ് സാധനങ്ങൾ വാങ്ങി വെക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സംസാരിക്കാൻ തുടങ്ങിയപ്പോൾ ഓണത്തെ കുറിച്ച് തന്നെയാണ് അദ്ദേഹത്തിന്റെ സംസാരം. "കുട്ടിക്കാലത്തെ ഓണമാണ് സമൃദ്ധമായ ഓണം, ഓണമിങ്ങെത്തും മുമ്പേ പ്രകൃതി തന്നെ ഓണത്തിന് തയ്യാറായിട്ടുണ്ടാകും. പാടത്തും പറമ്പിലും തൊടികളിലുമെല്ലാം മുല്ലപ്പൂ, തുമ്പ, തെച്ചി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾ നിറഞ്ഞിട്ടുണ്ടാകും. ടിവിയും മൊബൈൽ ഫോണുമില്ലാത്ത കാലം. എല്ലാവർക്കും പരസ്പരം സംസാരിക്കാനും, കളിക്കാനും, പാട്ട് പാടാനും ഇഷ്ട്ടം പോലെ സമയമുള്ള ആ നല്ല കാലത്തിന്റെ ഓർമ്മകൾ രാഘവേട്ടൻ പങ്ക് വെച്ചു. പൂക്കൾ ശേഖരിക്കാൻ അത്തത്തിന് മുമ്പ് തന്നെ കാരണവന്മാർ പൂക്കൊട്ട നെയ്ത് തരും. സംഘം ചേർന്ന് പൂ പറിക്കലും, കുളത്തിൽ നീന്തലും, വിവിധ തരം ഓണക്കളികളും, രാഘവേട്ടൻ ഓർമ്മകൾ ചികഞ്ഞെടുക്കുകയാണ്.
*കല്ലാനോട് സ്കൂളിൽ ഓണാഘോഷം കളറായി*
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന ഓണാഘോഷം പ്രമുഖ ചിത്രകാരനും, കവിയും പൂർവ്വവിദ്യാർഥിയുമായ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കളം, സദ്യ, വിവിധ തരം ഓണക്കളികൾ എന്നിവ നടന്നു. പി.ടി.എ പ്രസിഡന്റ് ഷാജു ന
രിപ്പാറ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി ജോസഫ്, ഷിബി ജോസ്, സ്കൂൾ ലീഡർ എമിൽ റോസ് ജോസഫ്, എന്നിവർ സംസാരിച്ചു.