കൂരാച്ചുണ്ട് : ദിവസേന നൂറ് കണക്കിന് സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. ഡാം സൈറ്റിലെ കക്കയം ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിൽ ബുധനാഴ്ച മുതൽ ശൗചാലയം പ്രവർത്തനമാരംഭിക്കുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.
ടൂറിസ്റ്റ് കേന്ദ്രത്തിൽ ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് ശൗചാലയം ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചക്കകം പ്രവർത്തിക്കാതെ അടച്ചിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ 12- നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചത്.
ജില്ലാ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.
കെട്ടിടത്തിൽ പ്രവർത്തിക്കാനാവശ്യമായ വെള്ളത്തിന്റെ കുറവാണ് ശൗചാലയം അടച്ചിടാൻ കാരണമായിരുന്നത്. പ്ലംബിങ് പണിയടക്കം ആവശ്യമായ പണികൾ പൂർത്തിയാക്കിയതായും ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.